curry-leaves

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ ജ്യേഷ്ഠൻ വി.എസ്. ഗംഗാധരന്റെ മകൻ ജി. പീതാംബരൻ വീടിനുമുന്നിൽ വളർത്തിയ കറിവേപ്പിൻകാടിന് ഒരമ്മമനസ് വേദനിച്ച കഥയുണ്ട്. ആ വേദന ഏറ്റുവാങ്ങിയ മകന്റെ വാശിയുടെയും കഥയുണ്ട്.

നാല്പത് വർഷം മുമ്പ് അയൽവാസി ഒരു നുള്ള് കറിവേപ്പില കൊടുക്കാതെ അപമാനിച്ച അമ്മയുടെ നൊമ്പരം ചാലിച്ച് നട്ട തൈ ആണ് മുപ്പത് സെന്റിൽ പടർന്ന് തോട്ടമായത്. പതിമ്മൂന്ന് വർഷം മുമ്പ് ആ അമ്മ മരിച്ചുപോയി. തളിർത്തുനിൽക്കുന്ന കറിവേപ്പിൻ തോട്ടത്തിൽ പീതാംബരൻ ഇന്നും മാതൃസ്‌മരണയുടെ സുഗന്ധം അറിയുന്നു...

അന്ന് കറിവേപ്പില ചോദിച്ച അമ്മ ഗൗരിയമ്മയെ 'കറിവേപ്പില'പോലെ കണ്ട അയൽവാസി. തിരികെവന്ന അമ്മയുടെ മുഖം കണ്ട് പീതാംബരന്റെ മനസ് നൊന്തു. സുഹൃത്തായ അരവിന്ദന്റെ പക്കൽനിന്ന് ഒരു കറിവേപ്പിൻ തൈ വാങ്ങി നട്ടു. അതിന്റെ വേരിൽനിന്ന് പൊട്ടിക്കിളിർത്ത തൈകൾ പറമ്പാകെ പടർന്നു. ഇപ്പോൾ 700 ഓളം കറിവേപ്പുകളായി. എണ്ണം എഴുതി സൂക്ഷിച്ചിട്ടുണ്ട്.

പുന്നപ്ര വടക്ക് പഞ്ചായത്ത് വല്ലയിൽ (മനീഷ) വീടിനു മുന്നിലാണ് അപൂർവമായ ഈ കറിവേപ്പിൻ തോട്ടം. തോട്ടത്തിനുമുന്നിൽ പീതാംബരൻ ഒരു ബോർഡ് തൂക്കിയിട്ടുണ്ട് - 'കറിവേപ്പിൻ തൈയും ഇലയും ചോദിക്കരുത്, സൗഹൃദം നഷ്ടപ്പെടും...'

ആളുകൾക്ക് ഈ തോട്ടം മാതൃകയാവണം. എല്ലാവരും വീട്ടിൽ കറിവേപ്പ് വച്ചു പിടിപ്പിക്കണം. ആ ഓർമ്മപ്പെടുത്തലിനാണ് ബോർഡ്.

കറിവേപ്പില വിൽക്കാറില്ല

തോട്ടത്തിലെ കറിവേപ്പില പീതാംബരൻ വിൽക്കാറില്ല. പീതാംബരന്റെയും ഭാര്യ പുഷ്പറാണിയുടെയും വൈദ്യ കുടുംബങ്ങളാണ്. പ്രത്യേക കൂട്ടുകൾ ചേർത്ത് തലയിൽ പുരട്ടാനുള്ള ഒരു എണ്ണ പാരമ്പര്യമായി തയ്യാറാക്കിയിരുന്നു. അതിനും കറിവേപ്പില പ്രധാന ചേരുവയാണ്.

എണ്ണയ്‌ക്കായി കീഴാർനെല്ലി, കറ്റാർവാഴ, നീല അമരി, മൈലാഞ്ചി തുടങ്ങിയവയും വളർത്തുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ചീര തുടങ്ങിയ കൃഷികളും ഉണ്ട്. 12,000 രൂപയുടെ ചീരയാണ് കഴിഞ്ഞ സീസണിൽ വിറ്റത്.

ആലപ്പുഴ സബ് കോടതി സൂപ്രണ്ടായി വിരമിച്ച പീതാംബരൻ (65) ഗുരുധർമ്മ പ്രചാരണ സഭയുടെ മണ്ഡലം സെക്രട്ടറിയാണ്. മകൻ പ്രജി പോണ്ടിച്ചേരി ഗവ. കോളേജിലെ പ്രൊഫസറാണ്. മരുമകൾ ആര്യ.

''മനസുവച്ചാൽ എന്തും സമൃദ്ധമായി നട്ടുവളർത്താം എന്ന സന്ദേശം കൂടിയാണ് എന്റെ കൃഷി ''

-ജി. പീതാംബരൻ