t

 കൊവിഡ് ആശുപത്രിയാക്കാൻ ജനറൽ ആശുപത്രിയെ പരിഗണിക്കണം

ആലപ്പുഴ: രോഗികൾ തിക്കിത്തിരക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിക്കു പകരം ആലപ്പുഴ ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാനുള്ള സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും പരിഗണിക്കപ്പെടുന്നില്ല. കൊവിഡ് ആശുപത്രിയെന്ന പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇതര രോഗികൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.

ചെറിയ അസുഖങ്ങളുള്ളവർ എത്തരുതെന്നും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഒഴിവാക്കണമെന്നും മരുന്നു വാങ്ങാൻ മാത്രമായി രോഗികൾ വരേണ്ടതില്ലെന്നും സൗഹൃദ സന്ദർശനങ്ങൾ പാടില്ലെന്നുമൊക്കെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ നിർദ്ദേശങ്ങൾ. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മെഡി. ആശുപത്രിയിലെ ഒന്നുമുതൽ ഏഴുവരെയും 11,12 വാർഡുകളുമാണ് കൊവിഡ് രോഗികൾക്കായി ചികിത്സയ്ക്കും ഐസൊലേഷനുമായി ക്രമീകരിച്ചിട്ടുള്ളത്.

കൊവിഡ് വാർഡിനായി മാറ്റിയ മുറികളുടെ സമാന്തര ബ്ളോക്കിലാണ് കൊവിഡ് ഇതര രോഗികളെ കിടത്തി ചികിത്സിക്കുന്നത്. 1000ൽ അധികം രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന കെട്ടിട സംവിധാനവും മെഡി. ആശുപത്രിക്ക് സമാനമായ ഉപകരണങ്ങളും തീവ്രപരിചരണ വിഭാഗങ്ങളും ജനറൽ ആശുപത്രിയിൽ ഉണ്ട്. ഇത് കൊവിഡ് ആശുപത്രിയായി മാറ്റിയാൽ കൊവിഡ് ഇതര രോഗികൾക്ക് ഭയമില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്താൻ കഴിയും.

ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രധാന കവാടത്തിന് സമീപമുള്ള പേ വാർഡ് ബ്ളോക്കാണ് 22 കിടക്കകളോടെ കൊവിഡ് രോഗികൾക്കായി മാറ്റിയിട്ടുള്ളത്. ഇപ്പോൾ 12 പേർ ചികിത്സയിലുണ്ട്. കൊവിഡ് ഇതര രോഗികൾ കടന്നു വരുന്ന വാതിലിനോട് ചേർന്ന ഭാഗമായതിനാൽ വല്ലാത്ത ബുദ്ധിമുട്ടാണ് ആളുകൾക്കുള്ളത്. പ്രതിദിനം 1200ൽ അധികം രോഗികൾ എത്തിയിരുന്നിടത്ത് എണ്ണം 50 ശതമാനത്തിൽ താഴെയായി.

 കൊവിഡ് ആശുപത്രികൾ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ഹരിപ്പാട് ഗവ. ആശുപത്രി

>>>>>>>>>>>>>>>>>>>>>>>>>>>>>>>>

 ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ: 34

 മെഡി. ആശുപത്രിയിൽ കൊവിഡിനു മുമ്പ് പ്രതിദിനം വന്ന രോഗികൾ: 2000- 3000

 കൊവിഡിനു ശേഷം 450-700