ആലപ്പുഴ: ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ പല അദ്ധ്യാപകരും സൈക്കിളിൽ പത്രാസോടെ ജോലിക്കെത്തിയിരുന്ന കാഴ്ച കൃഷ്ണകുമാറിന്റെ മനസിൽ ഇപ്പോഴുമുണ്ട്. സ്വന്തമായി സൈക്കിൾ എന്നത് അക്കാലത്ത് ഭേദപ്പെട്ട വരുമാനമുള്ളവർക്കുമാത്രം ആഗ്രഹിക്കാവുന്ന ഒന്നായിരുന്നു. മറ്റുള്ളവർ വാടകയ്ക്കെടുത്താണ് സൈക്കിൾ സവാരി.

ചേർത്തല മായിത്തറയിൽ കിഷോർ സൈക്കിൾസ് എന്ന സ്ഥാപനം നടത്തുന്ന കൃഷ്ണകുമാർ (55) അക്കാലത്ത് അഞ്ച് സൈക്കിളാണ് വാടകയ്ക്ക് കൊടുത്തിരുന്നത്. മണിക്കൂറിന് 25 പൈസ വാടക. ഇപ്പോൾ അത് കേട്ടുകേൾവിയായി. സൈക്കിൾ വില്പനയാണ് കൃഷ്ണകുമാറിന്റെ പ്രധാന ബിസിനസ് എങ്കിലും അന്നത്തെ സൈക്കിൾ വർക്ക് ഷോപ്പ് തുടരുന്നുണ്ട്. നാല് പതിറ്രാണ്ട് മുമ്പ് സൈക്കിൾ വാടകയ്ക്ക് നൽകുന്ന കടകൾ കേരളത്തിന്റെ ഓരോ മുക്കിലുമുണ്ടായിരുന്നു. സമതല സ്വഭാവമുള്ള ഭൂപ്രകൃതി ആയതിനാൽ ആലപ്പുഴ ജില്ലയായിരുന്നു സൈക്കിളുകളുടെ രാജവീഥി. ഇന്നും സൈക്കിൾ കൂടുതലായി ഉപയോഗിക്കുന്നത് ഇവിടെത്തന്നെ.

 ഡൈനാമോ സൈക്കിൾ

ഹെർക്കുലീസ്, ഹീറോ തുടങ്ങിയ സൈക്കിളുകളാണ് വാടകയ്ക്ക് നൽകിയിരുന്നത്. ശരാശരി 500 രൂപയായിരുന്നു വില. ഡൈനാമോ സെറ്റുള്ള സൈക്കിളുകൾക്ക് പ്രത്യേക ഡിമാൻഡാണ്. സിനിമാ പ്രേമികളായിരുന്നു ഇത്തരം സൈക്കിളുകളുടെ ആവശ്യക്കാർ.

 കഥകഴിച്ചത് ടു വീലറുകൾ

സ്കൂട്ടറുകളും ബൈക്കുകളും സുലഭമായതോടെയാണ് സൈക്കിളിന്റെ കുത്തക അവസാനിച്ചത്. ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ആകർഷകമായ വായ്പകൾ ലഭ്യമാക്കിയതോടെ ടൂവീലറുകളുടെ പെരുമഴയായി.

കുട്ടികൾക്കും സ്കൂൾ വിദ്യാർത്ഥിനികൾക്കുമുള്ള സൈക്കിളുകളാണ് ഇപ്പോൾ അധികമായി വിറ്റുപോകുന്നത്. ഗിയർ സൈക്കിളുകളോട് യുവാക്കൾക്ക് താത്പര്യം കൂടിത്തുടങ്ങിയിട്ടുണ്ട്. 10,000 രൂപവരെയാണ് അവയ്ക്കു വില.