ഹരിപ്പാട്: ഹരിപ്പാട് നഗരസഭ ഭരണ സമിതി കൊവിഡ് പ്രവിരോധ പ്രവർത്തനങ്ങൾ അട്ടമറിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം ഹരിപ്പാട് നഗരസഭ പാർട്ടി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് നഗരസഭ ഓഫീസ് പടിക്കൽ നടക്കുന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും.

സർക്കാർ നിർദ്ദേശങ്ങൾ നഗരസഭ അട്ടിമറിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനും അവർക്കാവശ്യമായ സൗകര്യങ്ങൾ നൽകുന്നതിലും നഗരസഭ കുറ്റകരമായ വീഴ്ചയാണ് വരുത്തുന്നത്. മുനിസിപ്പൽ, വാർഡുതല നിരീക്ഷണ സമിതികൾ സംഘടിപ്പിക്കുകയോ കൂടുകയോ ചെയ്യുന്നില്ല. സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കുന്ന നിലപാടാണ് മുനിസിപ്പാലിറ്റി സ്വീകരിക്കുന്നത്. അഞ്ചിന് വാർഡു തലത്തിൽ സമരപരിപാടികൾ നടത്തുമെന്നും നഗരസഭാപാർട്ടി കമ്മിറ്റി സെക്രട്ടറി എം.സത്യപാലൻ പറഞ്ഞു.