കൊവിഡിനൊപ്പം യാത്രയ്ക്കൊരുങ്ങി ജനം
ആലപ്പുഴ: ഒളിഞ്ഞും തെളിഞ്ഞുമുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉടനെങ്ങും മറികടക്കാനാവില്ലെന്ന് വ്യക്തമായതോടെ പുത്തൻ രീതികളോട് പൊരുത്തപ്പെടുകയാണ് പൊതുജനം. വീട്ടിൽ നിന്നിറങ്ങുമ്പോൾ ചെരിപ്പെന്ന പോലെ മാസ്കും ഒഴിവാക്കാനാവാത്ത ഒന്നായെന്നതാണ് പ്രധാന മാറ്റം. മാസ്കിന്റെ കാര്യത്തിലും വ്യത്യസ്തത ശ്രദ്ധിക്കാൻ തുടങ്ങിയെന്നത് മറ്റൊരുകാര്യം.
ലോക്ക് ഡൗൺ അവസാനിച്ചിട്ട് വിവാഹമടക്കമുള്ള ചടങ്ങുകൾ ഗംഭീരമാക്കാമെന്ന് കരുതി തീയതി മാറ്റിയവർ ചടങ്ങ് ലളിതമായി നടത്താൻ പുതിയ തീയതികൾ പരതാൻ തുടങ്ങി. എവിടെങ്കിലും സ്പർശിച്ചാൽ സാനിട്ടൈസറിടാതെ സമാധാനമാവില്ലെന്ന മാനസിക നിലയിലേക്ക് ഭൂരിഭാഗം പേരുമെത്തി. എന്നാൽ ഇളവുകളോടെ ആരംഭിച്ച അഞ്ചാം ഘട്ട ലോക്ക് ഡൗൺ മുതലാക്കുന്നവരുമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ഒരു സമയം അഞ്ച് പേർ മാത്രമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. പരിശോധനകളിൽ അയവ് വന്നതോടെ പ്രവൃത്തി സമയം വൈകിട്ട് 7.30ന് അവസാനിപ്പിക്കാനും പലരും മടിക്കുന്നു. ഷോറൂമുകളിലടക്കം നിരവധി ജീവനക്കാരാണ് ഒരേ സമയം പ്രവർത്തിക്കുന്നത്. ആഴ്ചതോറും വാർഡുകളിൽ കൂടുന്ന അയൽക്കൂട്ടങ്ങളിലും മറ്റ് യോഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആരാധനാലയങ്ങളിൽ ഇളവ് പ്രാബല്യമായിട്ടില്ലെങ്കിലും പലേടത്തും ഭക്തരെത്തി യഥേഷ്ടം വഴിപാടുകളും കഴിപ്പിച്ച് മടങ്ങുകയാണ്.
പത്ത് വയസിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരന്മാരും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പിക്കാനുള്ള പരിശോധനകൾ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. രണ്ട് മാസത്തെ തിരിച്ചടവുകൾ പൂർണമായി മുടങ്ങിയതോടെ ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നിലാണ് ഏറ്റവുമധികം ജനത്തിരക്ക് അനുഭവപ്പെടുന്നത്. ബേക്കറികളിലും ഹോട്ടലുകളിലും സദാസമയവും തിരക്കാണ്. കാലവർഷമെത്തിയതോടെ ആട്ടോറിക്ഷകളെയും സ്വകാര്യ ബസുകളെയും ആശ്രയിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു.
ഹൗസ് ഫുൾ!
എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്ന ഉത്തരവ് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ നടപ്പാക്കിത്തുടങ്ങി. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ ഇന്നലെയും 50 ശതമാനം യാത്രക്കാരെ മാത്രമാണ് അനുവദിച്ചത്. ഇന്നു മുതൽ എല്ലാ സീറ്റിലും യാത്ര അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം കൂടിയതോടെ സാനിട്ടൈസർ ഉൾപ്പടെയുള്ള നിബന്ധനകൾ പലരും മറന്ന മട്ടാണ്. ബസിനുള്ളിൽ സാനിട്ടൈസർ വേണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. ആട്ടോറിക്ഷകളിലാവട്ടെ ഒരേ സമയം നാല് പേർ വരെ യാത്ര ചെയ്യുന്നു.
തിരികെവന്ന കുരുക്ക്
വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് പതിവായി. ലോക്ക് ഡൗണിനെത്തുടർന്ന് നിറുത്തിവെച്ച സിഗ്നൽ സംവിധാനം പുനരാരംഭിക്കാൻ വൈകുന്നതാണ് പ്രധാന കാരണം. പലേടത്തും ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ ചീറിപ്പായുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ബൈപ്പാസുമായി ബന്ധപ്പെട്ട് മീഡിയൻ വന്നതോടെ ആലപ്പുഴ കൊമ്മാടിയിൽ രാപ്പകൽ വ്യത്യാസമില്ലാതെയാണ് തിരക്ക് അനുഭവപ്പെടുന്നത്.
ഓൺലൈൻ ഇടിത്തീ
പഠനം ഓൺലൈനായതോടെ, ജോലിക്കാരായ രക്ഷിതാക്കൾ സമയക്രമീകരണത്തിന് പാടുപെടുകയാണ്. കേരള സിലബസ് വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കാമെന്നത് ആശ്വാസമാണ്. ക്ലാസുകൾ ആരംഭിച്ച സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗക്കാർക്ക് മൊബൈലോ, ലാപ്ടോപ്പോ, ടാബോ ഇല്ലാതെ പറ്റില്ല. ഇതിന് മുതിർന്നവരുടെ സാന്നിദ്ധ്യവും വേണമെന്നതാണ് തലവേദനയാവുന്നത്.
..............................
പൊതുഗതാഗത സംവിധാനത്തിൽ സാമൂഹിക അകലം പാലിക്കാത്ത യാത്ര ദോഷം ചെയ്യും. കൊവിഡ് കേസുകൾ പെരുകാൻ ഇത് കാരണമായേക്കും. സ്വകാര്യ ബസുകളിലും സാനിട്ടൈസറുകൾ നൽകുന്നില്ല
( വിവേക് ബാബു, സന്നദ്ധ പ്രവർത്തകൻ)