അരൂർ: കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സമഗ്ര കാർഷിക വികസന പദ്ധതിക്ക് പരിസ്ഥിതി ദിനമായ 5 ന് തുടക്കമാകും.

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് സംഘം പദ്ധതി നടപ്പിലാക്കുന്നത്. വീട്ടുമുറ്റത്തും മട്ടുപ്ലാവിലും അടക്കം സാദ്ധ്യമായ ഇടങ്ങളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഗുണനിലവാരമുള്ള വിത്തും വളവും ഗ്രോബാഗും കീടനാശിനിയും മറ്റ് കാർഷിക സാമഗ്രികളും കർഷകർക്ക് ലഭ്യമാക്കും. കുറഞ്ഞ പലിശ നിരക്കിൽ കാർഷിക വായ്പയും നൽകും. ഉത്പന്നങ്ങൾ ഫ്രഷ് അരൂർ എന്ന പേരിൽ വിപണനം ചെയ്തു കർഷകർക്ക് മികച്ച വില ലഭ്യമാക്കാൻ സംവിധാനമുണ്ടാകും. കാർഷിക രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള ഹരിത ഓർഗാനിക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിത്ത് മുതൽ വിപണി വരെ കർഷകർക്ക് ഒപ്പം സഹായഹസ്തവുമായി സംഘം പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് സി.ബി.ചന്ദ്രബാബു, സെക്രട്ടറി ബി.എൻ.ശ്യാം എന്നിവർ പറഞ്ഞു ഫോൺ: 0478-2562371,94477 11412.