അഞ്ചു കൗൺസിലർമാർക്കെതിരെ നടപടിക്കു ശുപാർശ
കായംകുളം: കായംകുളം നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടെ, ചെയർമാൻ വിരുദ്ധരായ അഞ്ചു സി.പി.എം കൗൺസിലർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി കായംകുളം ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാർശ നൽകി.
പാർലമെന്ററി പാർട്ടി ലീഡറും ഏരിയ കമ്മിറ്റി അംഗവുമായ എസ്. കേശുനാഥ്, കീരിക്കാട് ലോക്കൽ കമ്മിറ്റി അംഗവും ഫ്രാക്ഷൻ ലീഡറുമായ അബ്ദുൽ ജലീൽ, കൗൺസിലർമാരായ അബ്ദുൽ മനാഫ്, റജില നാസർ, അനിത ഷാജി എന്നിവർക്കെതിരെയാണ് നടപടി ശുപാർശ. കേശുനാഥിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും മറ്റുള്ളവരുടെ നടപടി അതത് പാർട്ടി ഘടകങ്ങൾ തീരുമാനിക്കാനുമാണ് നിർദ്ദേശം.
കായംകുളം നഗരസഭ ചെയർമാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ.എൻ.ശിവദാസനെ എതിർക്കുന്നവരാണ് ഇവർ. ഒാഡിറ്റ് റിപ്പോർട്ട് അജൻഡയായി വിളിച്ചുചേർത്ത നഗരസഭ കൗൺസിൽ യോഗം പിരിച്ചുവിട്ടതിനെതിരെ പരസ്യമായി പ്രതികരിച്ചതും ചാലാപ്പള്ളി പാലത്തിന്റെ ഫണ്ട് വകമാറ്റിയതിൽ പ്രതിഷേധിച്ചതുമാണ് നടപടിക്ക് കാരണം. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് ശിവദാസൻ അഴിമതി കാട്ടിയതായി ആരോപിച്ച് കേശുനാഥും അബ്ദുൾ ജലീലും ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ജില്ലാകമ്മിറ്റി ഇത് പരിഗണനയ്ക്ക് എടുത്ത സാഹചര്യത്തിലാണ് അടിയന്തര ഏരിയ കമ്മിറ്റി കൂടി പരാതിക്കാർക്കെതിരെ നടപടി സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
കൗൺസിലർമാർ പരസ്യ പ്രതികരണം നടത്തിയത് അന്വേഷിക്കാൻ എസ്. സുനിൽകുമാർ, എസ്. ആസാദ് എന്നിവരെ ഏരിയ കമ്മിറ്റി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കൂടിയ ഏരിയ കമ്മിറ്റി വിഷയം ചർച്ച ചെയ്തത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടിയ ജില്ലാകമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ, ജില്ലാകമ്മിറ്റി അംഗമായ പി. ഗാനകുമാർ, പ്രഫ. എം.ആർ. രാജശേഖരൻ, കെ.പി. മോഹൻദാസ്, ബി. അബിൻഷ, പി.എച്ച്. ജാഫർകുട്ടി എന്നിവർ നടപടിയിൽ വിയോജിപ്പു രേഖപ്പെടുത്തിയെന്നും അറിയുന്നു.