തുറവൂർ: ന്യൂനമർദ്ദത്തെ തുടർന്ന് കടൽ ഇളകിയതോടെ തീരദേശവാസികൾ ഭീതിയിൽ. പുറംകടലിൽ നിന്നുള്ള ശക്തമായ തിരമാലയാണ് ഒറ്റമശേരി മുതൽ ചെല്ലാനം വരെ തീരത്ത് ആഞ്ഞടിക്കുന്നത്.

സാധാരണഅവസ്ഥയിൽ നിന്ന് വ്യത്യസ്തമായി കടൽ ഉയർന്ന് നിൽക്കുന്നത് തീരദേശത്തിന്റെ ഉറക്കം കെടുത്തുന്നു. മാസങ്ങളെടുത്ത് കടൽഭിത്തിക്ക് പടിഞ്ഞാറു ഭാഗത്തായി രൂപംകൊണ്ട വലിയ മണൽതിട്ടകൾ മണിക്കൂറുകൾക്കകം അപ്രത്യക്ഷമായി. കടൽ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലും കടൽഭിത്തി തകർന്ന സ്ഥലങ്ങളിലും കടൽ കരയിലേക്കു കയറുന്നുണ്ട്. കടൽഭിത്തിയുടെ വിടവിലൂടെയും കടൽ വെള്ളം അടിച്ചു കയറുകയാണ്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്തതിനാൽ മത്സ്യബന്ധനം പൂർണ്ണമായും നിലച്ചു. രാത്രി സമയങ്ങളിൽ തിരമാലകൾ കടൽഭിത്തിയിൽ അടിക്കുന്ന ഭീതിപ്പെടുത്തുന്ന ശബ്ദവും ഉറക്കം കെടുത്തുകയാണ്.