ആലപ്പുഴ: കാലവർഷം കനത്തതോടെ ജില്ലയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. എങ്ങും കടൽ പ്രക്ഷുബദ്ധമാണ്. ഇന്നലെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് അധികൃതർ അറിയിച്ചു.

കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ജലം കടലിലേക്കു തള്ളാൻ ജലസേചന വകുപ്പ് തോട്ടപ്പള്ളി പൊഴിമുഖം കടലിലേക്ക് തുറക്കുന്ന ജോലികൾ വേഗത്തിലാക്കി. ഇന്നലെ പുലർച്ചെ മുതൽ ജില്ലയുടെ പല ഭാഗങ്ങളിലും തോരാമഴയാണ് അനുഭവപ്പെട്ടത്. ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിലായി. ചേർത്തല താലൂക്കിലെ അന്ധകാരനഴി പൊഴിമുഖം കടലിലേക്ക് തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊവിഡ് കാലത്ത് വീട്ടുമുറ്റത്തും പറമ്പുകളിലും നട്ടുവളർത്തിയ പച്ചക്കറികൾക്ക് വെള്ളക്കെട്ടുകൾ ഭീഷണിയായി.

ആറാട്ടുപുഴ, വലിയഴീക്കൽ, മംഗലം, തൃക്കുന്നപ്പുഴ, പാനൂർ, തോട്ടപ്പള്ളി, നീർക്കുന്നം, ആലപ്പുഴ, തൈക്കൽ ഭാഗങ്ങളിലാണ് കടൽ പ്രക്ഷുബ്ദ്ധമായിട്ടുള്ളത്. പലേടത്തും തിരമാലകൾ കടൽ ഭിത്തിയുടെ മുകളിലൂടെ കരയിലേക്ക് ഇരച്ച് കയറുകയാണ്. തോട്ടപ്പള്ളി മത്സബന്ധന തുറമുഖത്ത് മണൽ അടിഞ്ഞു കൂടിയത് യന്ത്രവത്കൃത വള്ളങ്ങളും ബോട്ടുകളും അടുക്കാൻ തടസമാകുന്നു. തോട്ടപ്പള്ളി പൊഴിമുഖം കടലിലേക്ക് തുറക്കുന്ന ജോലികൾ അഞ്ച് ജെ.സി.ബി ഉപയോഗിച്ചാണ് പുരോഗമിക്കുന്നത്.