ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് കുടംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ അകലം പാലിക്കാൻ കുടചൂടാം പദ്ധതിയുടെ ഭാഗമായി അയ്യായിരത്തോളം കുടകൾ വിതരണം ചെയ്തു.
കുടുംബശ്രീക്ക് സഹായകമായി പഞ്ചായത്ത് ഇരുപത് ശതമാനം സബ്‌സിഡി നൽകിയപ്പോൾ കൊവിഡ് കാലമായതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതെ കുടുംബശ്രീ യൂണിറ്റുകൾ അംഗങ്ങൾക്ക് പൂർണ്ണമായി വായ്പ അനുവദിച്ച് നൽകി. പത്ത് തവണകളായി തുക തിരിച്ചടയ്ക്കണം.അടുത്താഴ്ച്ച മുതൽ കുടുംബശ്രീ എ.ഡി.എസിന്റെ ആഭിമുഖ്യത്തിൽ, കുടചൂടി വരുന്നവർക്കായി ഓരോ വാർഡിലും സമ്മാനം നൽകുമെന്നും സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബു പറഞ്ഞു.
സി.ഡി.എസ് ഓഫീസിൽ നടന്ന ചടങ്ങിൽ അയ്യായിരം കുടകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു. രമാമദനൻ, സുധർമ്മസന്തോഷ്,ബിനിത മനോജ്,സാനു സുധീന്ദ്രൻ,സജി ആന്റണി,പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ എന്നിവർ സംസാരിച്ചു. ശ്രീജഷിബു സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.