ചേർത്തല:തണ്ണീർമുക്കം ബണ്ടിലെ മണൽതിട്ട നീക്കുന്നതിൽ സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ബണ്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാടിനെ പ്രളയത്തിൽ നിന്നു സംരക്ഷിക്കാൻ മൂന്നു പരിഹാര നിർദ്ദേശങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട കമ്മിഷൻ മുന്നോട്ടുവച്ചത്.അതിൽ തണ്ണീർമുക്കത്തെ മണൽതിട്ട നീക്കം ചെയ്യുന്നതടക്കം യാതൊരുവിധ നടപടികളും പൂർത്തീകരിക്കാൻ സർക്കാരിനായില്ല.മണൽ തിട്ടകൾ മൂന്നുവർഷമായിട്ടും നീക്കി നീരൊഴുക്കു സുഗമമാക്കാത്തത് പ്രളയഭീതിയിൽ കഴിയുന്ന കുട്ടനാടൻ ജനതയോടുള്ള വെല്ലുവിളിയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.ഡി.സി.സി ജനറൽസെക്രട്ടറി എ.സനീഷ്‌കുമാർ,ഗോപി കണ്ണാട്ടുകരി,വി.ജെ.സണ്ണി,എം.സി.ടോമി,ജോബിൻജോസഫ്,അനൂപ് മത്തായി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.