ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ സ്വയം സഹായസംഘങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ കലവൂർ ബ്രാഞ്ച് ലോക്ക്ഡൗൺ സ്‌പെഷ്യൽ വായ്പ പദ്ധതി നടപ്പാക്കി.
യൂണിയനിലെ 92 സംഘങ്ങളിലെ 1482 കുടുംബങ്ങൾക്കാണ് ഇതിനകം വായ്പ വിതരണം ചെയ്തത്. 36 മാസമാണ് തിരിച്ചടവ് കാലാവധി. നിലവിൽ വായ്പയെടുത്തവർക്കും ലോക്ക്ഡൗൺ സ്‌പെഷ്യൽ വായ്പ നൽകുന്നുണ്ട്.ഒരോ ഗ്രൂപ്പിലും ബാങ്ക് അധികൃതർ നേരിട്ടെത്തി സാമൂഹിക അകലം പാലിച്ച് തിരിച്ചടവ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ വിശദീകരിച്ച ശേഷമാണ് എഗ്രിമെന്റ് എഴുതി വാങ്ങുന്നത്.പണം ഓരോ അംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. സ്‌പെഷ്യൽ വായ്പ പദ്ധതിയുടെ ചെക്ക് വിതരണം ബ്രാഞ്ച് മാനേജർ എസ്.പാർവ്വതി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,സെക്രട്ടറി കെ.കെ.മഹേശൻ, യോഗം കൗൺസിലർ പി.എസ്.എൻ. ബാബു,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.