അരൂർ: അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ വിദ്യാർത്ഥിയെ കാണാതായി. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ ചെണ്ട ബിരുദ വിദ്യാർത്ഥി, കോടംതുരുത്ത് പഞ്ചായത്ത് ആറാം വാർഡ് കത്രേഴത്ത് വീട്ടിൽ അനിരുദ്ധന്റെ മകൻ അഭിൻ (25) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പാലത്തിൽ നിന്ന് ചാടിയത്.
പാലത്തിൽ ഇരുന്ന് അഭിൻ ബന്ധുവിനെ ഫോണിൽ വിളിച്ചിരുന്നു. അയാൾ എത്തിയപ്പോൾ കായലിലേക്ക് ചാടുകയായിരുന്നെന്ന് അരൂർ പൊലീസ് പറഞ്ഞു. പൊലീസിന്റെയും അരൂർ അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും ശക്തമായ ഒഴുക്കും മൂലം രാത്രി വൈകി അവസാനിപ്പിച്ചു. ഇന്ന് രാവിലെ പുനരാരംഭിക്കും.