കൊവിഡ് തൊഴിൽ നഷ്ടം തുടരാൻ ട്രോളിംഗ് നിരോധനം
ആലപ്പുഴ: കൊവിഡും തീവ്രന്യൂനമർദ്ദവും മൂലം പൂർണ നിരോധനം തുടരുന്ന മത്സ്യബന്ധന മേഖലയെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിവിടുകയാണ് ട്രോളിംഗ് നിരോധനം. ലോക്ക് ഡൗണിനെത്തുടർന്ന് ആഴക്കടൽ മത്സ്യബന്ധനം നടക്കാത്തതിനാൽ മത്സ്യലഭ്യത വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ നോക്കി നിൽക്കാൻ മാത്രമേ പരമ്പരാഗത വള്ളങ്ങളിൽ പോകുന്ന തൊഴിലാളികൾക്ക് സാധിക്കുന്നുള്ളൂ.
9 അർദ്ധരാത്രി മുതൽ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200ഓളം ബോട്ടുകൾക്കാണ് നിരോധനമുള്ളത്. കടൽ ശാന്തമായാൽ മത്സ്യസമ്പത്ത് വർദ്ധിക്കുമെന്നതിന്റെ തെളിവാണ് അടുത്ത ദിവസങ്ങളിലുണ്ടായ വർദ്ധനവെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലാൽ കോയിപ്പറമ്പിൽ പറയുന്നു. കാലാവസ്ഥ അനുകൂലമായാലും സാമൂഹിക അകലം പാലിച്ച് മാത്രമേ ഇൻബോർഡ് വള്ളങ്ങൾ കടലിൽ പോകാവൂ എന്ന നിർദേശമുണ്ട്. കടൽ ആവാസ വ്യവസ്ഥയിൽ മത്സ്യബന്ധനം മൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കാനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാനുമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
ഇടവപ്പാതിസമയത്ത് പൊതുവേ മത്സ്യസമ്പത്ത് കുറവായതിനാൽ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഈ സമയം അനുഗ്രഹീതമാണ്. തൊഴിലാളികളുടെ സാമ്പത്തിക ഭദ്രതയും നേട്ടവും എല്ലാം തന്നെ ഇടവപ്പാതിയിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടതാണ്. മൺസൂൺ ട്രോളിംഗ് നിരോധനം മത്സ്യസമ്പത്ത് സംരക്ഷിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞതാണ്. ട്രോളിംഗ് നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
........................................
നിരോധനം സംസ്ഥാനത്തെ 4200 ബോട്ടുകൾക്ക്
15,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം
..............................................
ട്രോളിംഗ് ഒരുക്കങ്ങൾ
# കടൽ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിംഗിനും ബോട്ടുകൾ
# പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി യുവാക്കൾ രക്ഷാപ്രവർത്തനങ്ങൾക്ക്
# 50 പേർ കയറാവുന്ന വള്ളത്തിൽ അനുവദിച്ചിരിക്കുന്നത് 30 പേരെ
# ഭാരമേറിയ വലകൾ ഉപയോഗിക്കാൻ പാടില്ല
# ശക്തിയേറിയ എൻജിനുകൾ ഒഴിവാക്കണം
...............................................
നശീകരണ മത്സ്യബന്ധനമാണ് ട്രോളിംഗ് നിരോധന സമയത്തുള്ളത്. ഈ സമ്പ്രദായം പൂർണമായും നിരോധിക്കണം. കൊവിഡിന് പുറമേ ന്യൂനമർദവും എത്തിയതോടെ ജോലി ചെയ്യാനാവാത്ത സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത നിരവധി തൊഴിലാളികളുണ്ട്
(ലാൽ കോയിപ്പറമ്പിൽ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ)
...............................................
ട്രോളിംഗ് നിരോധനത്തിന്റെ ജില്ലാതല അവലോകനം പൂർത്തിയായി. കടൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള യുവാക്കളുടെ അഭിമുഖ പരീക്ഷ അടുത്ത ദിവസം നടക്കും. ക്രമീകരണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്
(ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ)