ആലപ്പുഴ: മഴക്കൊപ്പം രോഗങ്ങളും കടന്നുവരുന്നത് പതിവാണെങ്കിലും പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിലുള്ള ഉദാസീനത തുടരുകയാണ് അധികൃതർ.മഴക്കാല പൂർവ ശുചീകരണം പലേടങ്ങളിലും പാളി. കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയതിനാൽ പഞ്ചായത്തുകളിൽ പലതും ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയില്ല.
മഴക്കാലം തുടങ്ങിയപ്പോൾ തന്നെ ജില്ലയിൽ ഡെങ്കിപ്പനി,എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ തലപൊക്കി. കഴിഞ്ഞ വർഷം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരണം വരെ സംഭവിച്ചിരുന്നു. വൈറൽ പനികൾ പടർന്നു പിടിക്കാനുള്ള പ്രധാന കാരണം കൃത്യമായ മാലിന്യനിർമാർജ്ജന സംവിധാനത്തിന്റെ അഭാവമാണ്. ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാതെ കുടിവെള്ള സ്രോതസുകളിലും തോടുകളിലും കനാലിലും കലരുന്നതോടെ കൊതുക്, ഈച്ച, എലി തുടങ്ങിയവ പെരുകും.
കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ പകർച്ചപ്പനിയെത്തുടർന്ന് ആയിരക്കണക്കിന് പേരാണ് ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയത്. മഴക്കാല പൂർവ ശുചീകരണം അവതാളത്തിലായതാണ് പകർച്ചപ്പനിക്ക് കാരണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. മുൻകാലങ്ങളിൽ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിൽ കാനകളിലും പൊതുസ്ഥലങ്ങളിലും ബ്ളീച്ചിംഗ് പൗഡർ വിതറുമായിരുന്നെങ്കിലും ഇത്തവണ പല പഞ്ചായത്തുകളും ഇത് നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ വൈറൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
വ്യക്തി ശുചിത്വം പ്രധാനം
രോഗിമാത്രമല്ല ശുചിത്വം പാലിക്കേണ്ടത്. പരിചരിക്കുന്നവരും ചികിത്സിക്കുന്നവരും പരിസരവാസികളുമെല്ലാം വ്യക്തിശുചിത്വം പാലിക്കണം.ആശുപത്രികളിൽ പോലും ഇതിനുള്ള മുൻ കരുതലുകൾ ഇല്ല.രോഗികളോട് ഇടപെടുന്നവരെല്ലാം തന്നെ കൈകളും വസ്ത്രങ്ങളുമെല്ലാം അണുവിമുക്തമാക്കണം. കടയിൽ നിന്ന് വാങ്ങിക്കുന്ന ഭക്ഷണ സാധനങ്ങളുടെ നിലവാരം ഉറപ്പ് വരുത്തണം.പഴവർഗങ്ങളുടെയും പാനീയങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
ജൂൺ മാസത്തിൽ രോഗം ബാധിച്ചവർ
ഡെങ്കിപ്പനി -9
എലിപ്പനി -11
മഞ്ഞപ്പിത്തം -13
''കൊതുകു വളരാനുളള സാദ്ധ്യതകൾ വീടുകളിൽ ഇല്ല എന്ന് ഉറപ്പാക്കണം വീടിന്റെ ടെറസ്, സൺഷെയ്ഡ് എന്നിവിടങ്ങളിൽ വെളളം കെട്ടിക്കിടപ്പില്ലെന്ന് ഉറപ്പാക്കണം. എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം. ആഴ്ചയിൽ ഒരിക്കൽ 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം നടത്തി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രിയയാണിത്. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം
ജില്ലാ മെഡിക്കൽ ഓഫീസർ