 മൂന്നാം ദിനവും ബോറാകാതെ ഓൺലൈൻ ക്ളാസ്

ആലപ്പുഴ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾക്ക് മൂന്നാം ദിനത്തിലും മികച്ച പ്രതികരണം. രസകരമായ

അവതരണ ശൈലികൊണ്ട് എൽ.പി ക്ലാസ് വിദ്യാർത്ഥികളെയടക്കം പാഠഭാഗത്തിന് മുന്നിൽ പിടിച്ചിരുത്താൻ അദ്ധ്യാപകർക്ക് സാധിക്കുന്നുണ്ട്.

അര മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി അതത് അദ്ധ്യാപകർ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സംശയങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. സ്മാർട്ട് ഫോൺ സംവിധാനമില്ലാത്ത വിദ്യാർത്ഥികളെ അദ്ധ്യാപകർ നേരിട്ട് വിളിച്ച് സംശയങ്ങൾ കേൾക്കുന്നു. ക്ലാസുകളുടെ ട്രയൽ ഒരാഴ്ചകൂടി നീട്ടിയത് ക്ലാസ് കാണാൻ സാധിക്കാതിരുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുത്താം. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീടുകളിൽ ടി.വിയും ടാബും എത്തിക്കാനുള്ള ആലപ്പുഴ നഗരസഭയുടെ മൈ ടി വി ചലഞ്ച് വിജയകരമായി മുന്നേറുന്നുണ്ട്.

വിക്‌ടേഴ്‌സ് ചാനൽ വഴി നൽകുന്ന ക്ലാസുകൾ കാണാനുള്ള സംവിധാനം ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജിത് അറിയിച്ചു. ഓരോ ക്ലാസിനും നൽകിയിട്ടുള്ള സമയത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തണ്ണീർമുക്കത്ത് വായനശാലകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ കേന്ദ്രീകരിച്ച് ടെലിവിഷൻ, ഇന്റർനെറ്റ് സംവിധാനങ്ങളാണ് കുട്ടികൾക്കായി പഞ്ചായത്ത് ഒരുക്കി നൽകുന്നത്. തണ്ണീർമുക്കം ഗൃഹപാഠശാല എന്ന പേരിലുള്ള ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എ.എം ആരിഫ് എം.പി നിർവഹിച്ചു. 36 കേന്ദ്രങ്ങളിലാണ് ടെലിവിഷനും ഇന്റർനെറ്റ് സംവിധാനവും ഒരുക്കി നൽകിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് പറഞ്ഞു. കേബിൾ ഇല്ലാത്ത സ്ഥലങ്ങളിൽ സൗജന്യ കേബിൾ സംവിധാനം ഒരുക്കാൻ കെ.എം.സി.എൻ, ആലപ്പി വിഷൻ ചാനലുകൾ തയ്യാറായിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 സഹായവുമായി എം.പി

ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമല്ലാത്ത ആലപ്പുഴ പാർലമെന്റ്‌ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് എ.എം. ആരിഫ്‌ എം.പി പറഞ്ഞു. വിദ്യാർത്ഥികളെ സഹായിക്കാൻ മുന്നോട്ടുവരുന്ന സമാന മനസ്‌കരായ വ്യക്തികൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള ഏകോപന പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഇരുപത്‌ ടാബ്‌ലറ്റുകൾ ഈ സംരഭത്തിലേക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ മൊബൈൽഫോണുകൾ, ലാപ്‌ടോപ്പ്‌, ടി.വി മുതലായവ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷയെന്നും എം.പി അറിയിച്ചു.