ആലപ്പുഴ: കുട്ടനാട് പ്രളയഭീഷണി നേരിടുന്ന സാഹചര്യത്തിൽ വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്റർ ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും തോട്ടപ്പള്ളി സ്പിൽവേ കനാലിന്റെ ആഴം വർദ്ധിപ്പിക്കണമെന്നും കരിമണൽ ഖനനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എം.ലിജുവിന്റെ നേതൃത്വത്തിൽ ലീഡിംഗ് ചാനലിലൂടെ വീയപുരം മുതൽ തോട്ടപ്പള്ളി വരെ വള്ളങ്ങളിൽ സഞ്ചരിച്ച് ലിജുവിന്റെ നേതൃത്വത്തിൽ ലീഡിംഗ് ചാനൽ മാർച്ച് നടത്തി.

കാലവർഷം ആരംഭിച്ചിട്ടും ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ ഇതുവരെയും കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും എക്കലും മണ്ണും അടിഞ്ഞുകൂടി വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സാധിക്കാത്ത നിലയിലാണ് ഇപ്പോൾ ലീഡിംഗ് ചാനലെന്നും പ്രളയത്തിന്റെ മറവിൽ പൊഴിമുഖത്തെ മണൽ കടത്താനാണ് സർക്കാരിന് താത്പര്യമെന്നും ലിജു പറഞ്ഞു. ഉദ്ഘാടനം പമ്പ അച്ചൻകോവിൽ നദികൾ സംഗമിക്കുന്ന വീയപുരം തുരുത്തേൽ പാലത്തിന് സമീപം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ നിർവഹിച്ചു. ജോൺ തോമസ്, എസ്.ദീപു, വി.കെ.സേവ്യർ,ജോബിൻ പെരുമാൾ,റ്റിജിൻ ജോസഫ്, സജി ജോസഫ്, കെ.ബി.രഘു, സണ്ണി ജോർജ് തുടങ്ങിയവർ സംസാരിച്ചു. തോട്ടപ്പള്ളി സ്പിൽ വേയിൽ എത്തിയ മാർച്ചിനെ ഡി.സി.സി ഭാരവാഹികളായ എസ്.സുബാഹു, പി.സാബു എ.കെ.ബേബി എ.ആർ.കണ്ണൻ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.