അന്തർജില്ല സർവ്വീസുകളുടെ തുടക്കം മടുപ്പ്
ആലപ്പുഴ: കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവീസ് ആരംഭിച്ച ആദ്യ ദിനത്തിൽ യാത്രക്കാരിൽ നിന്നു തണുപ്പൻ പ്രതികരണം. പ്രതീക്ഷിച്ചതിലും കുറവ് യാത്രക്കാരെയാണ് ലഭിച്ചതെന്ന് അധികൃതർ പറയുന്നു.
ഇന്നലെ രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി ഒമ്പതിന് അവസാനിച്ച ഷെഡ്യൂളിൽ ജില്ലയിലെ പ്രധാന ഡിപ്പോ ആയ ആലപ്പുഴയിൽ നിന്ന് 49 സർവീസുകളാണുണ്ടായിരുന്നത്. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കാണ് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തിയത്. ബസുകളിൽ പിൻവാതിലിനോട് ചേർന്ന് സാനിറ്റെസർ വേണമെന്ന നിബന്ധന പാലിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
കണ്ടക്ടർക്ക് അനുവദിച്ചിട്ടുള്ള, രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ മറ്റ് യാത്രക്കാർ പാടില്ലെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിയമം പാലിക്കാൻ യാത്രക്കാർ തയ്യാറാകണം.
..................................
# സർവീസ് ആദ്യ ദിനം (ഓർഡിനറി, ഫാസ്റ്റ്, ആകെ)
ആലപ്പുഴ: 30- 19- 49
ചെങ്ങന്നൂർ: 16- 6- 22
ചേർത്തല: 35- 10- 45
ഹരിപ്പാട്: 18- 4- 22
കായംകുളം:19- 13- 32
മാവേലിക്കര:13- 8- 21
....................................
വട്ടംകറങ്ങി സ്വകാര്യ ബസ് മേഖല
യാത്രക്കാരുടെ ഗണ്യമായ കുറവിൽ നട്ടംതിരിയുകയാണ് സ്വകാര്യ ബസ് മേഖല. ഡീസൽ ചെലവും കഴിഞ്ഞ് പ്രതിദിന വേതനം നൽകാനുള്ള വരുമാനം പോലും ഓട്ടത്തിൽ ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ദിവസം 9000 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 2500ലേക്ക് ചുരുങ്ങി. ഇതോടെ ഡ്രൈവർക്കും കണ്ടക്ടർക്കും സഹായിക്കും ലഭിക്കുന്ന വേതനവും ഇടിഞ്ഞു.
.......................................
ഇളവ് വന്ന ശേഷം മണ്ണഞ്ചേരി റൂട്ടിൽ നാല് ബസുകൾ മാത്രമാണ് ഓടുന്നത്. എന്നിട്ടും ഡീസൽ കാശിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല
(ഫൈസൽ, സ്വകാര്യബസ് കണ്ടക്ടർ)