ആലപ്പുഴ: ജില്ലയിൽ ഇന്നലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 66 ആയി. ഇതിൽ ആറുപേർ വിദേശത്തു നിന്നും രണ്ട്പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്നലെ രോഗം രോഗം സ്ഥിരീകരിച്ച ഏഴുപേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കണ്ണൂർ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
27ന് കുവൈറ്റിൽ നിന്നും കോഴിക്കോട് എത്തിയ നൂറനാട് സ്വദേശി, കണ്ടല്ലൂർ സ്വദേശിയായ യുവാവ്, 22ന് ചെന്നൈയിൽ നിന്നു സ്വകാര്യ വാഹനത്തിൽ എത്തിയ മാവേലിക്കര സ്വദേശിനി, 26ന് കുവൈറ്റിൽ നിന്നു കൊച്ചിയിൽ എത്തിയ കായംകുളം സ്വദേശി, മുളക്കുഴ സ്വദേശിയായ 52 വയസുകാരൻ, 27ന് ട്രെയിനിൽ കൊച്ചിയിൽ എത്തിയ എടത്വ സ്വദേശി, ഒന്നിന് മോസ്‌കോയിൽ നിന്നു കണ്ണൂരിൽ എത്തിയ ആലപ്പുഴ സ്വദേശി, 27ന് കുവൈറ്റിൽ നിന്നു കോഴിക്കോടെത്തിയ മുളക്കുഴ സ്വദേശിയായ 53വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടിലെത്തിയ ഇവർ വീട്ടിലും കൊവിഡ് കെയർ സെന്ററുകളിലുമാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.
4956 പേർ നിരീക്ഷണത്തിൽ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 4956 പേരാണ്. 68 പേർആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 45 ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 19ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ മൂന്നും കായംകുളം ഗവ. ആശുപത്രിയിൽ ഒരാളുമുണ്ട്. ഹോം ക്വാറന്റൈനിൽ നിന്ന് 413 പേരെ ഒഴിവാക്കിയപ്പോൾ 302 പേർ ഇന്നലെ പുതുതായി എത്തി. ഫലമറിഞ്ഞ 3383 സാമ്പിളുകളിൽ 66 എണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്.