ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വർഷാരംഭത്തിൽ സർക്കാർ ആരംഭിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയായ ഓൺലൈൻ ഗൃഹ പാഠശാലയ്ക്ക് തുടക്കമായി.
പഞ്ചായത്ത് അതിർത്തിയിൽ 150 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ, ഇന്റർനെറ്റ്, മൊബൈൽഫോൺ സൗകര്യങ്ങളില്ല എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ 23 വാർഡുകളിലായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മയിൽ ഒരുമണിക്കൂർ കൊണ്ട് ആദ്യഘട്ട സംവിധാനം ഒരുക്കി. 36 സ്ഥലങ്ങളിൽ ടി.വി കണ്ട് പഠിക്കാൻ കഴിയുന്ന സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി കമ്മ്യൂണിറ്റി ഹാളുകൾ വായനശാലകൾ, അങ്കണവാടികൾ, പബ്ലിക് ലൈബ്രറികൾ എന്നിവ കൂടാതെ വീടുകളിലും സംവിധാനം ഒരുക്കി. നിലവിൽ കേബിളുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ സൗജന്യ കേബിൾ സംവിധാനം ഒരുക്കാൻ ചേർത്തലയിലെ പ്രാദേശിക ചാനലുകളും തയ്യാറായിട്ടുണ്ട്.
സംസ്ഥാന യുവജനക്ഷേമബോർഡ്, അക്ഷയകേന്ദ്രം, ക്ലബ്ബുകൾ, വ്യക്തികൾ എന്നിവ ഇതിനകം ആറ് പുതിയ ടി.വികൾ നൽകിയിട്ടുണ്ട്.തണ്ണീർമുക്കം ഗൃഹപാഠശാല പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എ.എം ആരിഫ് എം.പി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധുവിനു,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ രമാമദനൻ,സുധർമ്മസന്തോഷ്, ബിനിത മനോജ് എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാനുസുധീന്ദ്രൻ,എൻ.വി ഷാജി,സുനിമോൾ, ഉഷാകുമാരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ സ്വാഗതവും അസി.സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.