a

മാവേലിക്കര: പരിസ്ഥിതി ദിനത്തിൽ മാത്രം പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടിൽ ഒരു വനം തന്നെ നിർമ്മിക്കുന്ന പ്രവൃത്തിയിലേർപ്പെട്ട് വ്യത്യസ്തമാവുകയാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദിന്റെ നേതൃത്വത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സംരക്ഷിത വനം ഒരുങ്ങുന്നത്. പ്രകൃതി മനുഷ്യനെന്ന പോലെ മറ്റ് ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ചിന്താഗതി മുൻനിറുത്തി വളരെ ദീർഘ വീക്ഷണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെ.രഘുപ്രസാദ് പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും ഫോക് ലാൻഡും ചേർന്നാണ് സംരക്ഷിത വനമൊരുക്കൽ ആരംഭിച്ചത്. വരൾച്ചയുടെയും കൊറോണയുടേയും 77 ദിനങ്ങളെ അതിജീവിച്ചാണ് സംരക്ഷിത വനം രണ്ടാം ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 17ന് 2 സെന്റ് സ്ഥലത്ത് 3 അടി താഴ്ചയിൽ മണ്ണ് മാറ്റി ചാണകം, ഉമി എന്നിവ നിറച്ച് 6 മാസം പ്രായമുള്ള തൈകൾ ജീവാമൃതം ചേർത്ത് നട്ടുപിടിപ്പിച്ചു.

മനുഷ്യനും പക്ഷികൾക്കും ഉപയോഗിക്കാൻ പറ്റുന്ന കായ്കനികളും അപൂർവ്വ ഇനം ഔഷധസസ്യങ്ങളും അടങ്ങുന്നതാണ് സംരക്ഷിത വനം. അണലിവേകം, ഇലിപ്പ, ഇടംപിരി, വലംപിരി, കാഞ്ഞിരം, ഉംഗ്, അക്കില്‍, ഈട്ടി, പൂവരശ്, വയണ, ജാതി, ആര്യവേപ്പ്, മുരിങ്ങ, അത്തി, കുടംപുളി, മലവേപ്പ്, താന്നി, തമ്പകം, നീർമരുത്, ഇലഞ്ഞി, മാവ്, പ്ലാവ്, ഞാവൽ, അരയാൽ, പത്മുഖം, കറുകപ്പട്ട, കണിക്കൊന്ന, അശോകം, മന്ദാരം, ഗ്രാമ്പൂ, കറിവേപ്പ്, സീതപ്പഴം, മാതളനാരകം, ചെറുനാരകം തുടങ്ങിയവയാണ് സംരക്ഷിത വനത്തിൽ നിലവിലുള്ളത്. സ്വാഭാവിക വനങ്ങളിൽ വളരുന്ന വൃക്ഷങ്ങളാണ് ഇതിൽ കൂടുതലും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശഭരണ സ്ഥാപനം ഇത്തരത്തിൽ സംരക്ഷിത വനം രൂപീകരിച്ചത്. 15 വർഷം പ്രായമായ വനത്തിന്റെ തലത്തിലേക്ക് 3 വർഷം കൊണ്ട് ഇത് രൂപാന്തരപ്പെടും. രഞ്ജിത്ത്, പ്രസാദ്, ജയൻ, ജയലാൽ എന്നിവരുടെ നേതൃത്വത്തിലാണ് സംരക്ഷണ ജോലികൾ ചെയ്യുന്നത്. മരങ്ങളെ സംരക്ഷിച്ച് പുതിയ കാവുണ്ടാക്കി പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം.