മാവേലിക്കര: ബി.ജെ.പി താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസ് എൻജിനിയറെ ഉപരോധിച്ചു. താമരക്കുളം പഞ്ചായത്തിൽ ഒന്നുമുതൽ അഞ്ചു വരെയും 16, 17 വാർഡുകളിലും ലഭ്യമാകുന്ന കുടിവെള്ളം മലിനമാണെന്ന് ആരോപിച്ചാണ് ഉപരോധ സമരം നടത്തിയത്.
സമരത്തിന് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, താമരക്കുളം കിഴക്ക് ഏരിയ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചത്തിയറ, നിയോജക മണ്ഡലം സെക്രട്ടറി രാജമ്മ ഭാസുരൻ, ജനപ്രതിനിധികളായ എം.പി രാജി, എസ്.സുനിത, എം.സി.പ്രകാശ് എന്നിവർ നേതൃത്വം നൽകി. പ്രശ്നത്തിന് ഇന്ന് അടിയന്തരമായി പരിഹാരം ഉണ്ടാക്കുമെന്നും പാറ്റൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പച്ചക്കാട്ട് നിന്നോ ഇരപ്പൻപാറയിൽ നിന്നോ ഇന്റർ കണക്ട് ചെയ്ത് കുടിവെള്ളം വിതരണം ചെയ്യാമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.