ചേർത്തല: അന്യം നിന്നുപോകുന്ന തെങ്ങുകൃഷിയെ സംരക്ഷിക്കുന്നതിന് തെങ്ങുകൃഷി സേവന കേന്ദ്രമൊരുക്കി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്.
നാളികേര വികസന ബോർഡിൽ നിന്ന്'ചങ്ങാതിക്കൂട്ടം പരിശീലനം ലഭിച്ചവരാണ് തെങ്ങുകൃഷി സേവന കേന്ദ്രത്തിലെ അംഗങ്ങൾ. തേങ്ങ ഇടുന്നതിനും കീട രോഗബാധ കണ്ടറിഞ്ഞ് മരുന്നു ചെയ്യുന്നതിനും എവിടെയും ഇവരുടെ സേവനം ലഭിക്കും.തെങ്ങുകയറുന്നതിന് അൻപതു രൂപ മുതൽ 60 രൂപ വരെയാണ് നിരക്ക്.മരുന്നു ചെയ്യുന്നതിന് 80 മുതൽ 125 രൂപ വരെയാണ് തെങ്ങ് ഒന്നിനുള്ള ചെലവ്. വനിതകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് അംഗങ്ങൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും വാഹനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. അത്യുത്പാദനശേഷിയുള്ളപുതുതലമുറ തെങ്ങിൻ തൈകളും നാടൻ ഇനങ്ങളും ബാങ്കിനു മുൻവശമുള്ള കാർഷിക നഴ്‌സറിയിൽ നിന്നും മിതമായ വിലയ്ക്ക് ലഭിക്കും.തെങ്ങിനു പയോഗിക്കുന്ന വളങ്ങളും മരുന്നുകളും ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്. തെങ്ങുകൃഷി സേവന കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ളവർക്ക് ദേശീയ പാതയിൽ കഞ്ഞിക്കുഴിയിലുള്ള ഇന്ത്യൻ കോഫി ഹൗസിന് സമീപമുള്ള ബാങ്ക് ഹെഡാഫീസിൽ നിന്നും ലഭിക്കും.
മൂന്നാംവർഷം കുലയ്ക്കുന്ന തൈകൾ വളത്തും
പരിസ്ഥിതി ദിനമായ ജൂൺ 5 ന് സഹകരണ വകുപ്പ് സംസ്ഥാന വ്യാപകമായി തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഞ്ഞിക്കുഴി സഹകരണ ബാങ്ക് ആരാധനാലയങ്ങളിലും പൊതു ഇടങ്ങളിലും അത്യുത്പാദനശേഷിയുള്ള മൂന്നാം വർഷം കായ്ഫലം കിട്ടുന്ന തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ചെത്തിക്കാട്ടുദേവീക്ഷേത്ര മുറ്റത്ത് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പ്രവീൺ ദാസ് ഉദ്ഘാടനം ചെയ്യും. ചേർത്തല അസിസ്റ്റന്റ് രജിസ്ട്രാർ 'കെ.ദീപു മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ അറിയിച്ചു.