ഇന്ന് ലോക പരിസ്ഥിതി ദിനം
ആലപ്പുഴ: നാശം, കുളവാഴ കയറി കുളം തന്നെ നശിച്ചെന്ന് ശപിക്കാൻ വരട്ടെ. വേണ്ടരീതിയിൽ കൈകാര്യം ചെയ്താൽ തൊഴിലും വരുമാനവും കുളവാഴ തരും. ഗവേഷണത്തിലൂടെ ഇതു തെളിയിച്ചിരിക്കയാണ് ആലപ്പുഴ എസ്.ഡി കോളേജിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.ജി.നാഗേന്ദ്ര പ്രഭു.
കുളവാഴയെ ഉപയോഗപ്രദമാക്കാനുള്ള ഗവേഷണം പ്രഭു തുടങ്ങിയത് 22 വർഷം മുമ്പാണ്. ഉത്പന്നങ്ങൾ പലതും നിർമ്മിച്ച് വിജയിച്ച പ്രൊഫസർ ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മാണ പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കമിട്ടു.
എസ്.ഡി കോളേജിൽ സ്ഥാപിച്ച സാമൂഹ്യ പരിശീലന കേന്ദ്രം വഴി കുടുംബശ്രീ പ്രവർത്തകർ, ബഡ്സ് സ്കൂൾ അദ്ധ്യാപകർ, ജയിൽ അന്തേവാസികൾ, പൊതുജനങ്ങൾ എന്നിവർക്ക് കുളവാഴയിൽ നിന്ന് ഉത്പന്ന നിർമ്മാണത്തിന് പരിശീലനം നൽകുന്നുണ്ട്. വിപണനത്തിന് കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളുമടങ്ങുന്ന 'ഐക്കോടെക് 'എന്ന ഗ്രൂപ്പ് പരിസ്ഥിതി ദിനമായ ഇന്ന് രൂപീകരിക്കും.
കേരള സർവകലാശാലയുടെ ബയോടെക്നോളജി ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനായ പ്രഭു അംഗീകൃത ഗവേഷണ ഗൈഡുമാണ്. ആലപ്പുഴ മുല്ലയ്ക്കലിൽ തോപ്പിൽ വീട്ടിലാണ് താമസം. ഭാര്യ: ലത. സിവിൽ എൻജിനിയറിംഗ് കഴിഞ്ഞ നിവേദിതയും പ്ളസ് ടു പൂർത്തിയാക്കിയ നന്ദിതയുമാണ് മക്കൾ.
കുളവാഴ ഉത്പന്നങ്ങൾ
1. വിറകിന് പകരം ഉപയോഗിക്കാൻ കുളവാഴ ഉണക്കിയുള്ള 'ബ്രിക്കറ്റ് '. ശവസംസ്കാരത്തിന് ചാണക വറളിക്ക് പകരക്കാരൻ
2. കുളവാഴപ്പൂക്കളിൽ നിന്നുള്ള ജൈവ നിറങ്ങളിൽ നിന്ന് ചായം. ചിത്രം വരയ്ക്കാൻ കാൻവാസും കുളവാഴയിൽ നിർമ്മിക്കാം
3. കുളവാഴയും പച്ചക്കറി അവശിഷ്ടങ്ങളും ചേർത്തുണ്ടാക്കുന്ന പൾപ്പ് ഉപയോഗിച്ച് പ്ളേറ്റ്, ഗ്ളാസ്, ചെടി വളർത്താനുള്ള പോട്ട്
4. വിവിധതരം ബോർഡുകൾ നിർമ്മിക്കാനുള്ള പൾപ്പ്. തണ്ടും ഇലയും പുഴുങ്ങി ഉണക്കിയെടുത്ത് കൂൺ ബെഡ്ഡ് തയ്യാറാക്കാം
കുളവാഴ
ഉത്ഭവം തെക്കേ അമേരിക്കയിലെ ആമസോൺ നദി
ഐക്കോർണിയക്രാസിപ്പസ് എന്ന് ശാസ്ത്രനാമം
അക്വേറിയങ്ങളിൽ വളർത്താൻ ഇന്ത്യയിൽ കൊണ്ടുവന്നു
പരിസ്ഥിതിക്ക് ഭീഷണിയായി വളർന്നു നിറഞ്ഞു