ആലപ്പുഴ:കോട്ടയം താഴത്തങ്ങാടി കൊലക്കേസ് പ്രതി മുഹമദ് ബിലാലിന് ചെറുപ്പത്തിലേ മോഷണ വാസന ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് ആലപ്പുഴയിലെ ബന്ധുക്കൾ മൊഴിനൽകി.
ഇയാൾ എട്ട് വർഷം മുമ്പാണ് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് താമസം മാറിയത്. ആലപ്പുഴ വട്ടപ്പള്ളിയിൽ അമ്മയുടെ വീട്ടിൽ അമ്മൂമ്മയോടൊപ്പമായിരുന്നു വളർന്നത്. പത്താംക്ളാസ് വരെ ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ സ്കൂളിലാണ് പഠിച്ചത്. അന്നും മോഷണം നടത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചസമയങ്ങളിൽ കടകളിൽ നിന്നും പള്ളിയിലെ ഉസ്താദിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണം അപഹരിച്ചിരുന്നു. ഉസ്താദിന്റെ 17,000 രൂപ കവർന്നപ്പോൾ കുട്ടിയെന്ന പരിഗണനയിൽ ആരും കേസ് കൊടുത്തിരുന്നില്ല. പഠനം ഉപേക്ഷിച്ച മുഹമ്മദ് ബിലാൽ കോട്ടയത്ത് ഹോട്ടലുകളിൽ ആദ്യം ജോലിനോക്കി. ഹോട്ടൽ ജോലി ഇല്ലാത്തപ്പോൾ പ്ളംബിംഗും ഇലക്ട്രിക്കൽ വർക്കും നടത്തി വരികയായിരുന്നു.