ആഗസ്റ്റിൽ പ്രതീക്ഷിക്കാമെന്ന് ഉദ്യോഗസ്ഥർ
ആലപ്പുഴ: മിനുക്കുന്തോറും മുഖം ചുളുങ്ങുന്ന, ആലപ്പുഴ നഗരത്തിലെ കനാലുകൾക്ക് കുറച്ചെങ്കിലും വൃത്തി തോന്നണമെങ്കിൽ ആഗസ്റ്റ് വരെയെങ്കിലും കാത്തിരിക്കണമത്രെ. ഒന്നര വർഷം മുമ്പാണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. ഇടയ്ക്കെത്തിയ കൊവിഡും ലോക്ക് ഡൗണും കാരണമായി പറയാമെങ്കിലും, മുമ്പും നഗരത്തിലെ കനാൽ നവീകരണം എവിടെയെങ്കിലും എത്തിച്ചേർന്ന ചിത്രം മഷിയിട്ടു നോക്കിയാൽപ്പോലും കണ്ടെത്താനാവില്ല!
ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഡ്ക് മേൽനോട്ടത്തിൽ 2019 മാർച്ചിലാണ് 39 കോടി പ്രതീക്ഷിക്കുന്ന നവീകരണത്തിന്റെ ആദ്യഘട്ട ജോലികൾക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ മാർച്ചിൽ പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ലോക്ക് ഡൗൺ വിഷയങ്ങൾ മൂലം പണി മുടങ്ങി.
ഇരുമ്പുപാലത്തിന് താഴെയുള്ള കൊമേഴ്‌സ്യൽ കനാലിന്റെ നവീകരണ ജോലികൾ 85 ശതമാനം വരെ പൂർത്തിയായി. കഴിഞ്ഞ പ്രളയത്തിന് മുമ്പ് വാടക്കനാലിൽ (ജില്ലാക്കോടതി പാലത്തിന് താഴെയുള്ള കനാൽ) മട്ടാഞ്ചേരി പാലം വരെയുള്ള ഭാഗം നവീകരിച്ചു. ബോട്ട് ജെട്ടി വരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾ തുടങ്ങിയില്ല. ആലപ്പുഴ ചേർത്തല കനാലിന്റെ കലവൂർ വരെയുള്ള ചെളി നീക്കം ചെയ്യൽ പൂർത്തീകരിച്ചു. മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഒൻപത് പാലങ്ങളുടെ നിർമ്മാണവും പദ്ധതിയിലുണ്ട്. ഇതിൽ മൂന്ന് പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ആറുപാലങ്ങളുടെ അടിത്തറ ജോലികൾ നടക്കുന്നുണ്ട്. കനാലിലെ മണൽ ബണ്ടുകൾ നീക്കം ചെയ്യുന്ന ജോലികളും പുരോഇമിക്കുകയാണ്. അമ്പലപ്പുഴ കനാലിന്റെ ഭാഗങ്ങളിലും നവീകരണം നടക്കുന്നുണ്ട്.
തീരുന്നു, തുടരുന്നു
കനാൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമല്ലാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണം. ഒരിടത്ത് നവീകരണം പൂർത്തീകരിച്ച് അടുത്തതിലേക്ക് കടക്കുമ്പോൾ, നവീകരിച്ച ഭാഗത്ത് പോളയും മറ്റും നിറഞ്ഞു കവിയും. ഉപ്പൂറ്റി കനാൽ മുതൽ ശവക്കോട്ടപ്പാലം വരെ കനാൽ അരിക് വൃത്തിയാക്കി പദ്ധതിയുടെ മാതൃകാ ഭാഗമാക്കും. കനാൽ നവീകരണത്തിലെ അശാസ്ത്രീയതമൂലം സമീപത്തെ റോഡുകൾ അടുത്തിടെ ഇടിഞ്ഞത് വിവാദമായിരുന്നു.
.............................................
# പൂർത്തിയായാൽ സൂപ്പർ
കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് പെഡൽ ബോട്ടിംഗ്
കനാലിലൂടെ സഞ്ചരിച്ച് കടൽ തീരം വരെ എത്താനാവും
പൈതൃക മ്യൂസിയങ്ങളിൽ വിശ്രമിക്കാം
ആറ് പൈതൃക മ്യൂസിയങ്ങളുടെ നവീകരണം അന്തിമഘട്ടത്തിൽ
...................................
39 കോടി (ആദ്യഘട്ടം)
വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ, വെസ്റ്റ് ജംഗ്ഷൻ കനാൽ, ഈസ്റ്റ് ജംഗ്ഷൻ കനാൽ, കൊട്ടാരം തോട്, ആലപ്പുഴ-ചേർത്തല കനാൽ കലവൂർ വരെയുള്ള ഭാഗം, മുറിഞ്ഞപുഴ നവീകരണം
80 കോടി (രണ്ടാം ഘട്ടം)
സൈക്കിൾ ട്രാക്ക്, നടപ്പാത, ചെറുകനാലുകളുടെ നവീകരണം, നഗരത്തിലൂടെ ഒഴുകുന്ന കാപ്പിത്തോടിന്റെ നവീകരണം , പ്രധാന കനാലുകളുടെ ആഴംകൂട്ടൽ
നിർമ്മാണം നടക്കുന്ന പാലങ്ങൾ
വെള്ളപ്പാടി പാലം, പൂന്തോപ്പ്, മറ്റത്തിൽ