ആലപ്പുഴ: കൊവിഡ് കാലത്തെ ഏകാന്തതയിൽ ഗംഗയുടെ മനസ് സഞ്ചരിച്ചത് ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമായ ടൈറ്റാനിക്കിന്റെ നിഗൂഢതയിലേയ്ക്ക്. ആ അന്വേഷണ ത്വര യുട്യൂബിലും മറ്റുമായി നടത്തിയ പരതലിനൊടുവിൽ ഒമ്പതാം ക്ളാസുകാരിയുടെ പഠന മുറിയിലെ മേശമേൽ ജന്മമെടുത്തത് ടൈറ്റാനിക്കിന്റെ ഒരു കുഞ്ഞു പതിപ്പ്.
തെർമോക്കോളും പെയിന്റും മറ്റ് പാഴ് വസ്തുക്കളും കൊണ്ടാണ് ഗംഗയുടെ കരവിരുത് കപ്പലിന് രൂപം നൽകിയത്.
കൊവിഡ് കാലത്തെ ഗൃഹവാസത്തിൽ ഒമ്പതാംക്ലാസുകാരി ഗംഗ യൂട്യൂബിൽ പരതിയപ്പോൾ മനസ് ഉടക്കി നിന്നത് ടൈറ്റാനിക്ക് കപ്പലിന്റെ നിഗൂഢതയിലാണ്. 2223 യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആണ്ടുപോയ ആർ.എം.എസ്. ടൈറ്റാനിക്കിന്റെ ചരിത്രത്തിലേക്ക് ഈ കൊച്ചുമിടുക്കിയുടെ അന്വേഷണത്വര സഞ്ചരിച്ചു.
കോടികൾ ചെലവഴിച്ച് നിർമ്മിച്ച കപ്പലിനെയും അതിലെ യാത്രക്കാരെയും കടൽ വിഴുങ്ങിയത് മനസിനെ വല്ലാതെ അസ്വസ്ഥമാക്കിയപ്പോൾ അതിൽ നിന്ന് മോചനം നേടാനുള്ള വ്യഗ്രതയിലാണ് ടൈറ്റാനിക് രൂപപ്പെടുത്തിയതെന്ന് ഗംഗ പറയുന്നു.
ടൈറ്റാനിക്ക് സിനിമ യൂട്യൂബിലൂടെ നിരവധി തവണ കണ്ടു. അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ വേദനയോടെ ഓർത്തു. രക്ഷപ്പെട്ടവരുടെ കഥകളിലേക്കും മനസ് പായാൻ തുടങ്ങി.അങ്ങനെയാണ് കപ്പലിന് രൂപം നൽകിയത്.
സ്‌കൂൾതലത്തിൽ നടക്കുന്ന ശാസ്ത്രപ്രദർശനങ്ങളിലെല്ലാം ഗംഗ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഐ.എസ്.ആർ.ഒയുടെ റോക്കറ്റുകളുടെ രൂപങ്ങളും ഹൈഡ്രോളിക് റോബോട്ടുകളും ഗംഗയുടെ ശേഖരത്തിലുണ്ട്.
ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ഗംഗ ശാസ്ത്രീയ സംഗീതവും വയലിനും അഭ്യസിക്കുന്നുണ്ട്. കരുവാറ്റ പാവിട്ടേരിൽ കെ.രാധാകൃഷ്ണന്റെയും സിന്ധുവിന്റെയും ഏകമകളാണ്.