വിക്ടേഴ്സ് ചാനൽ ദഹിക്കാതെ ഇംഗ്ളീഷ് മീഡിയം കുഞ്ഞുങ്ങൾ
ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള 'വിക്ടേഴ്സ്' ചാനലിലെ ഓൺലൈൻ ക്ലാസുകൾ വൈറലാകവേ, ഇംഗ്ളീഷ് മീഡിയത്തിൽ തത്തിക്കളിക്കുന്ന കുട്ടികൾക്ക് പലതും അത്രയ്ക്കങ്ങ് പിടികിട്ടുന്നില്ല. ലസാഗുവും (ലഘുതമ സാധാരണ ഗുണിതം) ഉസാഘയും (ഉത്തമ സാധാരണ ഘടകം) എന്തെന്ന് ഇംഗ്ലീഷ് മീഡിയംകാർക്ക് മനസിലാവണമെങ്കിൽ എൽ.സി.എം (ലീസ്റ്റ് കോമൺ മൾട്ടിപ്പിൾ), എച്ച്.സി.എഫ് (ഹൈസ്റ്റ് കോമൺ ഫാക്ടർ) എന്നുതന്നെ പ്രയോഗിക്കണം. ക്ലാസ് സമയത്ത് സംശയങ്ങൾ ചോദിക്കാൻ നിർവാഹമില്ലാത്തതിനാൽ ക്ലാസിനു ശേഷം അതത് സ്കൂളിലെ അദ്ധ്യാപകരെ ബന്ധപ്പെട്ടാണ് പലരും ഉത്തരം തേടുന്നത്.
മലയാളത്തിനൊപ്പം ഇംഗ്ലീഷ് വാക്കുകൾ ഇടകലർത്തി പഠിപ്പിക്കുമ്പോൾ കാര്യമായ പ്രശ്നമുണ്ടാകാറില്ല. എന്നാൽ പൂർണമായും മലയാളത്തിൽത്തന്നെ ശാസ്ത്രീയ പദങ്ങളുൾപ്പെടെ വിശദമാക്കുമ്പോഴാണ് മറുഭാഗത്ത് സംശയങ്ങളും കുമിയുന്നത്. ഹൈസ്കൂൾ തലത്തിലെ സോഷ്യൽ സയൻസ് ക്ലാസുകളിലാണ് കൂടുതൽ കുട്ടികളും സംശയങ്ങൾ പ്രകടിപ്പിക്കുന്നത്. സോഷ്യൽ ക്ലാസിൽ ടീച്ചർ പറഞ്ഞ മദ്ധ്യകാലഘട്ടം ഇംഗ്ലീഷിൽ മിഡീവൽ പിരീഡാണെന്ന് മനസിലാക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ അദ്ധ്യാപകൻ മറുപടി നൽകുന്നത് വരെ കാത്തിരിക്കേണ്ടിവരുന്ന വിദ്യാർത്ഥികളുണ്ട്. ക്ലാസുകൾ അവസാനിക്കുന്നതോടെ വാട്സാപ്പ് ഗ്രൂപ്പുകൾ സജീവമാകും. അതിൽ, കുട്ടികൾക്ക് മനസിലാവാത്ത കാര്യങ്ങൾ ചൂണ്ടിക്കാണിക്കാം.
ഉന്നത നിലവാരത്തിലുള്ള ചില സി.ബി.എസ്.എ സ്കൂളുകൾ ഉയർന്ന ക്ളാസുകാർക്ക് തങ്ങളുടേതായ രീതിയിൽ ഓൺലൈൻ ക്ളാസുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ചെറിയ കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയും വിധം ക്ളാസുകൾ തരപ്പെടുത്താൻ അവരുടെ ഓൺലൈൻ പരിപാടിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ വിക്ടേഴ്സ് ചാനലിലെ ക്ളാസുകൾക്ക് മുന്നിലിരിക്കുകയാണ് ഇവരിൽ ഭൂരിഭാഗവും.
....................................
നേരിൽ വിളിച്ച് അദ്ധ്യാപകർ
സ്മാർട്ട് ഫോൺ സൗകര്യമില്ലാത്ത കുട്ടികളെ അദ്ധ്യാപകർ നേരിൽ വിളിച്ച് പാഠഭാഗങ്ങൾ മനസിലാക്കിക്കൊടുക്കാറുണ്ട്. പദങ്ങളും അർത്ഥങ്ങളും ക്ലാസിനൊപ്പം മനസിലാകാത്തതിൽ കുട്ടികളെക്കാൾ വേവലാതി രക്ഷിതാക്കൾക്കാണെന്ന് അദ്ധ്യാപകർ പറയുന്നു. സ്വന്തം അദ്ധ്യാപകരിൽ നിന്ന് മറുപടി ലഭിച്ച ശേഷം ചാനലിൽ വീണ്ടും കാണിക്കുന്ന ക്ലാസിൽ പങ്കെടുക്കുമ്പോൾ കാര്യങ്ങൾ മനസിലാകുന്നതെന്ന് കുട്ടികളും പറയുന്നു. ട്രയലിനു ശേഷം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി ക്ലാസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.
...................................
പാഠഭാഗങ്ങളിലെ വാക്കുകളുടെ അർത്ഥം മനസിലാകാതെ വന്നാൽ രക്ഷിതാക്കൾക്കാണ് ഉത്ക്കണ്ട. പേടിക്കേണ്ട ആവശ്യമില്ല. എല്ലാ സംശയങ്ങൾക്കും മറുപടി നൽകാൻ ഞങ്ങൾ തയ്യാറാണ്
എ. ശ്രീജ, അദ്ധ്യാപിക
.......................................
മിക്ക ക്ലാസുകളിലും ഇംഗ്ലീഷ് പദങ്ങൾ കൂട്ടിക്കലർത്താൻ ഓൺലൈൻ ക്ലാസിലെ അദ്ധ്യാപകർ ശ്രമിക്കുന്നുണ്ട്. ചില ക്ലാസുകൾക്ക് ശേഷം കുട്ടികൾ സംശയം ചോദിക്കാറുണ്ട്. വാട്സാപ്പ് ഗ്രൂപ്പ് വഴിയും ഫോണിലൂടെയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാറുണ്ട്
വി.പ്രവീൺ, അദ്ധ്യാപകൻ
.................................
138: ജില്ലയിലെ സർക്കാർ സ്കൂളുകൾ
2465: ഗവ. സ്കൂൾ വിദ്യാർത്ഥികൾ
241: എയ്ഡഡ് സ്കൂളുകൾ
78679: എയ്ഡഡ് വിദ്യാർത്ഥികൾ