ആലപ്പുഴ: കോട്ടയം താഴത്തങ്ങാടി കൊലക്കേസ് പ്രതി മുഹമദ് ബിലാലിനെ ആലപ്പുഴയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ഷീബയുടെ വീട്ടിൽ നിന്നെടുത്ത കാർ ഇയാൾ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിനു സമീപമാണ് ഉപേക്ഷിച്ചത്.

രക്തക്കറയും മുടിയും കണ്ടെത്തിയ ഈ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കോട്ടയത്തേക്കു കൊണ്ടുപോയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇയാളുമായി പൊലീസ് സംഘമെത്തിയത്. അമ്മയുടെ വീട് ആലപ്പുഴ വട്ടപ്പള്ളിയിലാണ്. ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. എന്നാൽ ഉപേക്ഷിക്കപ്പെട്ട കാറിനെ കുറിച്ച് ആലപ്പുഴയിലെ രഹസ്യാന്വേഷണ വിഭാഗത്തിന് യാതൊരു വിവരവും ഇല്ലായിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി ഓഫീസിനും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനും തൊട്ടടുത്താണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ് പ്രവർത്തിക്കുന്നതും ഇതിനു സമീപമാണ്. ഇന്നലെ തെളിവെടുക്കാൻ വരുന്ന വിവരം പോലും ഇവർക്ക് ലഭിച്ചിരുന്നില്ല.