പ്രതിഷേധങ്ങളിലും പ്രോട്ടോകോൾ പാലിക്കും
ആലപ്പുഴ: പ്രതിഷേധ പരിപാടികളിൽ ഉൾപ്പെടെ കൊവിഡ് പ്രോട്ടോകോൾ പരമാവധി പാലിക്കാമെന്ന വാഗ്ദാനവുമായി രാഷ്ട്രീയ പാർട്ടികൾ. കളക്ടറേറ്റിൽ മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് നേതാക്കൾ ഉറപ്പു നൽകിയത്. മന്ത്റിമാരായ ഡോ.ടി.എം. തോമസ് ഐസക്ക്, പി. തിലോത്തമൻ, കളക്ടർ എ. അലക്സാണ്ടർ എന്നിവരും പങ്കെടുത്തു.
ജില്ലയിൽ 181 കോവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമായി ഒമ്പതിനായിരത്തോളം ആളുകൾ ജില്ലയിൽ എത്തിയിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ വന്നിട്ടുള്ളത്. കൊവിഡ് കാലത്ത് സർക്കാർ ഇടപെടൽ കൊണ്ടും എല്ലാവരുടെയും സഹകരണം കൊണ്ടും മറ്റൊരു കാലത്തും ഇല്ലാത്ത വിധം പ്രശ്നരഹിതമായി കുട്ടനാട്ടിലെ നെല്ല് ഇത്തവണ കൊയ്‌തെടുക്കാൻ കഴിഞ്ഞു. 29,000 ഹെക്ടർ വയലുകളിലെ കൊയ്ത്തും പൂർത്തിയായിട്ടുണ്ട്. 1.45 ലക്ഷം ടൺ നെല്ല് സംഭരിച്ചു. ആലപ്പുഴ,മാവേലിക്കര നഗരസഭകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വിദേശത്തു നിന്നും അന്യ സംസ്ഥാനത്തുനിന്നും എത്തുന്ന കൂടുതൽ പേരെയും താമസിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഭക്ഷണവും സൗജന്യമായി നൽകുന്നതായി ജി. സുധാകരൻ പറഞ്ഞു.
നേരത്തെ ഉണ്ടായിട്ടുള്ള അനുഭവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മന്ത്റി ടി.എം. തോമസ് ഐസക് പറഞ്ഞു. സമ്പർക്കത്തിലൂടയുള്ള രോഗ വ്യാപനം പരമാവധി നിയന്ത്റിക്കുക എന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ വേണം. കൊവിഡ് പ്രോട്ടോക്കോൾ പരമാവധി പാലിക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിൽ നല്ല പങ്ക് വഹിക്കാനുണ്ട്. ക്വാറന്റൈൻ ഉറപ്പാക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കുന്നതിലും പ്രായം ചെന്നവരെയും മറ്റു രോഗമുള്ളവരെയും വീട്ടിൽ നിന്ന് പുറത്തിറക്കാതെ റിവേഴ്സ് ക്വാറന്റൈൻ ശക്തമാക്കുന്നതിലും രാഷ്ട്രീയ പാർട്ടികളുടെ പൂർണ സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
....................................
ലാപ്ടോപ്പ് ഉടൻ
മൂന്നുമാസത്തിനുള്ളിൽ എല്ലാ കുട്ടികൾക്കും ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ സാദ്ധ്യമാക്കി പഠന മികവിലേക്ക് എത്തിക്കാൻ കഴിയുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കെ.എസ്.എഫ്.ഇ മൈക്രോ ചിട്ടികൾ തുടങ്ങുന്നുണ്ട്. കുടുംബശ്രീ വഴി ചിട്ടിയിൽ ചേരുന്നവർക്ക് ലാപ്‌ടോപ്പ് തുടക്കത്തിൽ തന്നെ നൽകുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. 12,000 രൂപയുടെ ലാപ്‌ടോപ്പാണ് നൽകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിന് ഇനിയും സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്റി പറഞ്ഞു.
........................................
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ജില്ലയിൽ കൊവിഡ് നിയന്ത്റണത്തിൽ മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും നേട്ടമായാണ് ഇതിനെ കാണേണ്ടത്
(മന്ത്രി ജി.സുധാകരൻ)
...........................................
ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. സമൂഹ വ്യാപനത്തിന് സാദ്ധ്യതയില്ലാത്തവിധം കർശന നടപടികളിലൂടെ ഇത് നിയന്ത്റിക്കണം
(മന്ത്റി പി.തിലോത്തമൻ)
.........................................