ആലപ്പുഴ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവാതെ മലപ്പുറം വാളഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്തതിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്നും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നിർദ്ധന വിദ്യാർത്ഥികളുടെ വീട്ടിൽ സൗകര്യങ്ങൾ ഒരുക്കാനായില്ലെങ്കിൽ ക്ലാസുകൾ നിറുത്തിവയ്ക്കണമെന്നും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.സി.ആർ. ജയപ്രകാശ് പറഞ്ഞു. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുമ്പിൽ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കെ.എസ്.യു ജില്ലാപ്രസിഡന്റ് നിതിൻ എ.പുതിയിടം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. സാബു, കെ.എസ്.യു ഭാരവാഹികളായ ആർ.വി. സ്‌നേഹ, വിശാഖ് പത്തിയൂർ, വിവേക് പ്രകാശ്, അനന്തനാരായണൻ, എ.ഡി. തോമസ്, സുജിത്ത് സി.കുമാരപുരം, അനൂപ് പി. പതിനഞ്ചിൽ, സുഹൈർ വള്ളികുന്നം, ഷെഫീക്ക്, നായിഫ്, അൻസിൽ, ഷിയാസ്, മീനു ബിജു, അജയ് ജൂവൽ കുര്യാക്കോസ്, രവി പ്രസാദ്, അനന്തു, റിയാസ്, അൻസിൽ അസീസ്, അർജുൻ അരീക്കരവെളി, സരുൺ റോയി, നൂറുദീൻ കോയ, ഉസൈൻ പോങ്ങുംമൂട്ടിൽ, നകുലൻ തുടങ്ങിയവർ സംസാരിച്ചു.