tv

 നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി നൽകി യൂത്ത് കോൺ.

കുട്ടനാട്: പ്രളയത്തിൽ വീട് തകർന്നതോടെ കയറിക്കിടക്കാൻ പോലും ഇടമില്ലാത്ത കുടുംബത്തിലേക്ക് പുത്തനൊരു ടെലിവിഷൻ എത്തിയപ്പോൾ, സുനിലിന്റെ ജീവനായ 'നാലംഗ സംഘ'ത്തിന് സന്തോഷമടക്കാനായില്ല. കൂട്ടുകാർ വീട്ടിലിരുന്ന് ടിവി കണ്ട് പഠിക്കുന്നതുപോലെ ഇനി തങ്ങൾക്കും പഠിക്കാനാവുമെന്നതാണ് സന്തോഷത്തിന് അതിരില്ലാതാക്കുന്നത്.

കൈനകരി പഞ്ചായത്ത്എട്ടാംവാർഡ് മാമ്പറയിൽ സുനിലിന്റെ മക്കളായ സുനിത,സുപ്രിയ, സൂര്യ, സുജ മോൾ എന്നിവർക്കാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൈത്താങ്ങായത്. ഓൺലൈൻ പഠനക്ളാസ് ആരംഭിച്ചതോടെ ടി.വി ഇല്ലാത്തതിനാൽ നാലുപേരും വല്ലാത്ത വിഷമത്തിലായിരുന്നു. വിഷയം കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് നോബിൻ പി. ജോണിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സൗദി ഐ.ഒ.സി.സി സെക്രട്ടറി ജോണി പുതിയാറയുടെ സഹായത്തോടെ 32 ഇഞ്ചിന്റെ എൽ.സി.ഡി ടിവി വാങ്ങി നൽകുകയായിരുന്നു. കേബിൾ കണക്ഷനും തരപ്പെടുത്തി.

സുനിത ഒമ്പതിലും സുപ്രിയ എട്ടിലും സൂര്യ ആറിലും സൂര്യ ഒന്നിലുമാണ് പഠിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ വീട് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. താത്കാലിക ഷെഡിലാണ് നിലവിലെ താമസം. ഡി.സി.സി അംഗം എസ്.ഡി. രവി, യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശക്തികൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മധു സി.കൊളങ്ങര, ഡി. ജോസഫ് ഡിലോനപ്പൻ, ജോബിൻ അങ്ങാടിശ്ശേരി, നിബിൻ കെ.തോമസ്‌, ജെസ്സി ബാബു തുടങ്ങിയവർ പങ്കെടുത്തു