ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നവമാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് മൂന്ന് പേർ അറസ്റ്റിലായി. രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കൊല്ലം ഹിൻഡാസ് മോട്ടോഴ്സ് ഉടമ കിളികൊല്ലൂർ കാവുവിള പടിഞ്ഞാറ്റതിൽ ബിജു ദേവരാജൻ, കാവനാട് സുമാ നിവാസിൽ പ്രതാപ്, കടപ്പാക്കട അമ്പാടിയിൽ വിനോദ് എന്നിവരാണ് പിടിയിലായത്. ബിജു, പ്രതാപ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കി വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൗൺസിലർ ബിജുദാസ് ജില്ലാ പൊലീസ് ചീഫിന് നൽകിയ പരാതിയിൽ പൂച്ചാക്കൽ സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.