ചേർത്തല:സ്മാർട്ട് ഫോണും ടെലിവിഷനും ഇല്ലാതിരുന്ന സഹപാഠികൾക്ക് കൈത്താങ്ങുമായി കുട്ടി പൊലീസ് രംഗത്ത്. മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും എസ്.പി.സി കേഡറ്റുമായ ശിവപ്രിയ, സഹോദരി അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശിവരഞ്ജിനി എന്നിവർക്ക് ടെലിവിഷൻ വാങ്ങി നൽകിയാണ് ഓൺലൈൻ പഠന സൗകര്യമൊരുക്കിയത്.
മുഹമ്മ ആറാം വാർഡിൽ പുള്ളോമ്പറമ്പ് ശിവരാജ് -ഷീജ ദമ്പതികളുടെ മക്കളാണിവർ.കൂലിപ്പണിക്കാരനായ ശിവരാജിന് ഫോണോ ടെലിവിഷനോ വാങ്ങാനുള്ള കഴിവില്ലായിരുന്നു. ഇത് മനസിലാക്കിയാണ് സ്‌കൂളിലെ എസ്.പി.സി കേഡറ്റുകൾ സഹായഹസ്തവുമായെത്തിയത്. സി.ഐ എൻ. വിജയൻ,പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ എന്നിവർ ചേർന്ന് ടെലിവിഷൻ കൈമാറി.പ്രിൻസിപ്പൽ പി.സജീവ്, പ്രഥമാദ്ധ്യാപിക വി.കെ.ഷക്കീല,സി.പി.ഒ മാരായ കിരൺബാബു,പി.ആർ അശ്വതി,ഡ്രിൽ ഇൻസ്ട്രക്ടർ ശശിലകുമാർ എന്നിവർ പങ്കെടുത്തു.