t

 14കാരന് ഒരു കൊല്ലം വരുമാനം 5 ലക്ഷം രൂപ

ആലപ്പുഴ: വാൾട്ട് ഡിസ്നി കാർട്ടൂൺ സിനിമ ബോൾട്ടിലെ റൈനോയോട് ആരാധന മൂത്താണ് പതിന്നാലുകാരൻ പ്രത്യുഷ് ആന്റണി കുഞ്ഞൻ എലികളെ (ഹാംസ്റ്റർ) വളർത്താൻ തുനിഞ്ഞത്. എന്നാലിന്ന് ഈ എലികളെല്ലാം കൂടി അവനെ നല്ലൊരു സംരംഭകനാക്കി മാറ്റി. ഒരു ജോഡിക്ക് 1000 രൂപ വച്ച് ഒരു കൊല്ലം വിറ്റത് അഞ്ഞൂറോളം കുഞ്ഞുങ്ങളെ. 5 ലക്ഷം രൂപ വരുമാനം!.

ആലപ്പുഴ ചാത്തനാട് തെക്കുമുറിയിൽ പ്രശാന്ത്, ഒരു ജോഡി ഹാംസ്റ്ററുകളെ ഒരു കൊല്ലം മുമ്പ് ബംഗളൂരുവി​ൽ നിന്നാണ് വാങ്ങിയത്. പുത്തൻ അക്വേറിയത്തിൽ അറക്കപ്പൊടി വിതറി മെത്തയൊരുക്കി. വെള്ളം കുടിക്കാൻ, കിളികൾക്ക് ഉപയോഗിക്കുന്ന കുപ്പികളും സജ്ജമാക്കി. പഴങ്ങളും പച്ചക്കറിയും ചോളവും നൽകി വളർത്തി.

ഒറ്റ പ്രസവത്തിൽ പത്തു മുതൽ ഇരുപതു വരെ കുഞ്ഞുങ്ങൾക്കാണ് ഹാംസ്റ്ററുകൾ ജന്മം നൽകുന്നത്. ജനിച്ച് 40 ദിവസമാകുമ്പോൾ പൂർണ വളർച്ചയെത്തും. ഗർഭം ധരിച്ചാൽ 21-25 ദിവസത്തിനകം പ്രസവിക്കും. വിവിധ ഇനങ്ങളെ വാങ്ങി വളർത്തിയതോടെ പെറ്റുപെരുകി കൂടു നിറഞ്ഞു. ഇവയ്ക്കൊപ്പമുള്ള വീഡിയോ പ്രത്യുഷ് യു ട്യൂബിലൽ പോസ്റ്റുചെയ്തതോടെയാണ് കച്ചവടത്തിന് വഴി തുറന്നത്.

ജോഡി​ക്ക് ആയിരം രൂപയാണ് നിരക്കെങ്കിലും നിറവും ശരീരത്തിലെ വരകളുമനുസരിച്ച് വിലയിലും വ്യത്യാസം വരും. പരമാവധി പത്ത് സെന്റിമീറ്റർ നീളവും നൂറു ഗ്രാം തൂക്കവുമേയുള്ളൂ. ശരീരത്തിൽ വിഷാംശമില്ലാത്തതിനാൽ ധൈര്യമായി വീട്ടിൽ വളർത്താം. കടിക്കില്ല. പെട്ടെന്ന് ഇണങ്ങും.

ചുവന്ന കണ്ണുകളും വിവിധ വ‌ർണങ്ങളുമുള്ള 'ബാൻഡൺ മൈസി'നാണ് ആവശ്യക്കാർ കൂടുതൽ. പരിശീലനം നൽകാവുന്ന വുഡഡ് റാറ്റ് തേടിയും ആളെത്തുന്നുണ്ട്. ഒറ്റ നിറമുള്ള പിഗ്മി മൈസ്, ഇത്തിരിക്കുഞ്ഞനായ ചൈനീസ്, രോമം നിറഞ്ഞ സിറിയൻ ഹാംസ്റ്റർ, കുംഗ്ഫു പാണ്ഡ ഹോംസ്റ്റർ... ഇവരൊക്കെയാണിന്ന് പ്രത്യുഷിന്റെ കൂട്ടുകാ‌ർ.

നിലവിൽ 60 ജോഡി കുഞ്ഞനെലികളാണ് ഒപ്പമുള്ളത്. ഇവയ്ക്ക് ഭക്ഷണമൊരുക്കാൻ അമ്മ തുഷാരയും കളിപ്പിക്കാൻ അനുജത്തി പ്രതീക്ഷയും ഒപ്പമുണ്ട്. പ്രത്യുഷിന്റെ ഫോൺ: 9074886909

ഹാംസ്റ്റേഴ്സ്

 വളർത്തുമൃഗങ്ങളുടെ വിഭാഗത്തിൽ പെടുന്നു

 ഒറ്റ പ്രസവത്തിൽ 20 വരെ കുഞ്ഞുങ്ങൾ
 ആയുസ് ഒന്നര മുതൽ രണ്ടു വർഷം വരെ

 റൊബൊറോവ്സ്കി ഇനത്തിന് മൂന്നു വർഷം