*ഇംഗ്ളണ്ടിൽ നിര്യാതനായ സഹോദരൻ അയ്യപ്പന്റെ മകന് ആദരാഞ്ജലി
ചേർത്തല: പിതാവായ സഹോദരൻ അയ്യപ്പന്റെ യുക്തിവാദം അതേപടി പകർന്നു കിട്ടിയ മകനാണ് ഇംഗ്ളണ്ടിൽ നിര്യാതനായ ഡോ.കെ.എ.സുഗതനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുസ്മരിച്ചു.
ചെന്നൈയിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശേഷം ലണ്ടനിലേക്ക് കുടിയേറിയ സുഗതനെ മലയാളക്കരയ്ക്ക് അധികം പരിചയപ്പെടാൻ അവസരം ലഭിച്ചിട്ടില്ല.വിദ്യാർത്ഥിയായിരിക്കെ, അന്നത്തെ വിദ്യാർത്ഥി ഫെഡറേഷൻ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ മന്ത്രിമാർ രാജിവയ്ക്കണമെന്ന മുദ്രാവാക്യം മുഴക്കിയവരിൽ മുൻപന്തിയിൽ സുഗതനുമുണ്ടായിരുന്നു. അന്ന് തിരുക്കൊച്ചി മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പൻ മകനെ വാത്സല്യപൂർവം അടുത്തുവിളിച്ചിട്ട് 'ഞാൻ രാജിവയ്ക്കണമെങ്കിൽ അത് നീ നേരിട്ട് പറഞ്ഞാൽ പോരേ' എന്നു ചോദിച്ചതായും, അതോടെ സുഗതൻ വിദ്യാർത്ഥിരാഷ്ട്രീയം അവസാനിപ്പിച്ചതായും ചരിത്ര രേഖകളിൽ പറയുന്നു. പിന്നീട് ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഡോ..സുഗതൻ, ഇടതുപക്ഷ അനുഭാവവും അവിടത്തെ ലേബർപാർട്ടിയോട് ആഭിമുഖ്യവും പ്രകടിപ്പിച്ചിരുന്നു.പിതാവിന്റെ ഓർമ്മകൾ നിലനിറുത്തി കൊച്ചിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനും ,ആലുവയിലെ സദനത്തിന്റെ പ്രവർത്തനത്തിലും സുഗതൻ പ്രത്യേകം താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഡോ. സുഗതന്റെ വേർപാടിൽ ശ്രീനാരായണ സമൂഹത്തിന്റെ പേരിലും വ്യക്തിപരമായും ആദരാഞ്ജലി അർപ്പിക്കുന്നതായും വെള്ളാപ്പള്ളി അനുസ്മരണക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ നവോത്ഥാന നായകരിലൊരാളും, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റും തിരുക്കൊച്ചി മന്ത്രിയുമായിരുന്ന സഹോദരൻ അയ്യപ്പന്റെ മകൻ ഡോ.കെ.എ.സുഗതൻ (90) കഴിഞ്ഞ ദിവസമാണ് നിര്യാതനായത്.