കൊവിഡ് മാലിന്യങ്ങൾ സംസ്കരിച്ച് ഇമേജ് സെന്റർ
ആലപ്പുഴ: കൊവിഡ് കേസുകളിൽ പ്രതിദിന വർദ്ധന രേഖപ്പെടുത്തുമ്പോഴും കൊവിഡ് മാലിന്യം തലവേദനയാകാതിരിക്കുന്നതിൽ ഐ.എം.എ കേരള ഘടകത്തിന്റെ സംഭാവനയായ ഇമേജ് (ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്ലി) എന്ന മാലിന്യ സംസ്കരണ കേന്ദ്രം വഹിക്കുന്നത് നിർണായക പങ്ക്. സർക്കാരിനൊപ്പം സ്വകാര്യ മേഖലയ്ക്കും സേവനം നൽകുന്ന അപൂർവ സ്ഥാപനങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഇമേജിന്റെ കേന്ദ്രീകൃത പ്ലാന്റ്.
സംസ്ഥാനത്തു നിന്ന് പ്രതിദിനം അഞ്ച് ടൺ കൊവിഡ് മാലിന്യമാണ് നിലവിൽ ഇമേജ് ശേഖരിച്ച് സംസ്കരിക്കുന്നത്. 2003 മുതൽ ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന സ്ഥാപനം കഴിഞ്ഞ മാർച്ച് 19 മുതലാണ് എല്ലാ ജില്ലകളിൽ നിന്നും കൊവിഡ് മാലിന്യം ശേഖരിക്കാൻ ആരംഭിച്ചത്. ആദ്യ ദിനത്തിൽ 698 കിലോ മാലിന്യം ശേഖരിച്ച സ്ഥാനത്ത് നിലവിൽ 4.9 ടൺ എന്ന വലിയ നിലയിലേക്ക് ഉയർന്നിരിക്കുന്നു.
സംസ്ഥാനത്തെ വിവിധ ആശുപത്രികൾ, ലാബുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ ഇനം തിരിച്ച് നിക്ഷേപിക്കുന്നതിനായി മഞ്ഞ, ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇമേജിന്റെ ആധുനിക സംവിധാനങ്ങളുള്ള 52 വാഹനങ്ങൾ ദിവസവുമെത്തി മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടുപോകും. ബാർ കോഡോടെ ശേഖരിക്കുന്ന മാലിന്യങ്ങൾ പ്ലാന്റിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഏതെങ്കിലും സ്ഥാപനത്തിന് അപാകതയുണ്ടായാൽ അത് കണ്ടെത്താൻ ബാർകോഡ് പരിശോധന സഹായകമാകും.
500 പേർക്ക് ജോലി
പ്ലാന്റിലെത്തിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ചാണ് സംസ്കരിക്കുന്നത്. ശസ്ത്രക്രിയ അവശിഷ്ടങ്ങളടക്കമുള്ളവ 1050 ഡിഗ്രി സെന്റിഗ്രേഡിൽ സംസ്കരിക്കും. ജലാംശം മാത്രം ശേഷിക്കുന്ന പുക നൂറടി പൊക്കമുള്ള കുഴൽവഴി അന്തരീക്ഷത്തിലേക്ക് കടത്തിവിടും. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പുനചംക്രമണത്തിന് വിധേയമാക്കും. പ്രത്യക്ഷമായും പരോക്ഷമായും അഞ്ഞൂറ് പേർക്കാണ് ഇമേജ് ജോലി നൽകുന്നത്.
................................
ബയോമെഡിക്കൽ മാലിന്യം
രോഗനിർണയത്തിന്റെയും ചികിത്സയുടെയും രോഗ പ്രതിരോധത്തിന്റെയും പരീക്ഷണങ്ങളുടെയും ഭാഗമായി മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ നിന്നുമായി ആശുപത്രികളോ അനുബന്ധ സ്ഥാപനങ്ങളോ പുറന്തള്ളുന്നവയാണ് ബയോമെഡിക്കൽ മാലിന്യങ്ങൾ.
.......................................
ഇമേജിന്റെ സേവനം തേടുന്നവർ
# സർക്കാർ: 911
# സ്വകാര്യ മേഖല: 12095
# പാലിയേറ്റിവ് കേന്ദ്രങ്ങൾ: 50
# ആകെ: 13057
.........................................
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലൊന്നാണ് ഇമേജ്. പാറശാല മുതൽ കാസർകോട് വരെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നു. കൊവിഡ് പോലെ മാരകമായ വൈറസുകൾ പടരാതെ തടയുന്നതിൽ ഇമേജ് വലിയ പങ്ക് വഹിക്കുന്നു
( ഡോ.കെ.പി.ഷറഫുദീൻ, സെക്രട്ടറി, ഇമേജ്)