 സ്മാർട്ട് ഫോൺ തരപ്പെടുത്താൻ നെട്ടോട്ടം

ആലപ്പുഴ: ക്ലാസ് മുറികൾക്കൊപ്പം വീട്ടിലെ പഠനവും ഡിജിറ്റലായതോടെ മക്കൾക്ക് സ്മാർട്ട് ഫോണും ടാബും ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ. ഉപയോഗിക്കാതെ കിടന്ന ഫോണുകൾ നന്നാക്കാൻ ശ്രമിക്കുന്നവർക്ക് സ്പെയർപാർട്സുകൾ കിട്ടാനില്ലാത്തതാണ് വെല്ലുവിളി. ലോക്ക് ഡൗൺ മൂലം ഇവ എത്തുന്നില്ല. മിക്ക സർവീസ് കേന്ദ്രങ്ങളും തുറന്നിട്ടുമില്ല.

10,000 രൂപയിൽ കുറഞ്ഞ സ്മാർട് ഫോൺ വിപണിയിലില്ല. ടാബ് ലെറ്റിന് 3,000 രൂപ മുതലാണ് നിരക്ക്. പ്രീമിയം മോഡൽ ഫോണുകൾ 16,000 രൂപയിൽ തുടങ്ങും. പലർക്കും വില താങ്ങാനാവുന്നില്ല. ചിലരാവട്ടെ ടാബ് ലെറ്റുകൾക്ക് ഓർഡർ നൽകി മടങ്ങുന്നു. സാദാ ഫോണുകൾ അറ്റകുറ്റപ്പണി നടത്തിയ ശേഷം കൈയിലുള്ള സ്മാർട്ട് ഫോൺ മക്കൾക്കു നൽകുകയാണ് പലരും.

സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ടി വിയിലൂടെയും ഓൺലൈൻ ക്ലാസ് കാണാം. എന്നാൽ സി.ബി.എസ്.ഇ, കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് സ്മാർട്ട് ഫോൺ കൂടിയേ തീരു. ലോക്ക് ഡൗൺ അവസാനിച്ചാലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓൺലൈൻ പഠനത്തിനായിരിക്കും മുൻതൂക്കം. മെച്ചപ്പെട്ട ഫീച്ചറുള്ള സ്മാർട്ട് ഫോണുകളാണ് രക്ഷിതാക്കൾ വിപണികളിൽ തിരക്കിയെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. താരതമ്യേന വിലകുറവുള്ള സ്മാർട്ട് ഫോണുകളാണ് ആളുകൾ ചോദിച്ചെത്തുന്നത്. മോഡം വിപണിയിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. വിവിധ ടെലികോം കമ്പനികളുടെ ബ്രോഡ് ബ്രാൻഡ് അപേക്ഷകളും കൂടി വരികയാണ്.

 തവണയും സെക്കൻഡ് ഹാൻഡും

ബി.എസ്.എൻ.എല്ലിന്റെ കണക്ഷനും സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. ഡിജിറ്റൽ വിപണിയിലുള്ള ഉണർവ് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ജില്ലയിലെ ചെറുതും വലുതുമായ വ്യാപാരികൾ. മിക്ക വ്യാപാരികളും തവണ വ്യവസ്ഥയിൽ വായ്പ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സെക്കൻഡ്ഹാൻഡ് വിപണിയിലും ടാബ് ലെറ്റിനും ലാപ്പ്ടോപ്പിനും ആവശ്യക്കാർ ഏറെയുണ്ട്. എന്നാൽ ഓൺലൈൻ ക്ലാസുകൾ ഡിജിറ്റൽ വിപണിക്ക് നേട്ടമാകുമ്പോൾ സ്കൂൾ വിപണി തളർന്ന നിലയിലാണ്. കുട, ബാഗ് എന്നിവയ്ക്ക് ആവശ്യക്കാരില്ലാത്ത നിലയിലാണ്.

..........................................

 3000: ടാബിന്റെ കുറഞ്ഞ വില

 10,000: സ്മാർട് ഫോൺ കുറഞ്ഞ വില

 5000: സെക്കൻഡ് ഹാൻഡ് വില

............................................

സ്പെയർ പാർട്സുകൾ അധികവും ചൈനയിൽ നിന്നാണ് എത്തുന്നത്. ലോക്ക് ഡൗണായതോടെ ഇവയുടെ വരവ് നിലച്ചു. പുതിയ സ്റ്റോക്ക് എത്താത്തതിനാൽ വിലകൂടിയ ഫോണുകൾ മാത്രമേ സ്റ്റോക്കുള്ളു

(ഷിഹാബ്, മൊബൈൽ ഷോപ്പ് ഉടമ)

.........................

പഴയ ഫോൺ നന്നാക്കിയെടുക്കാനാണ് വന്നത്. പക്ഷേ അതിനു വേണ്ട പാർട്സ് കിട്ടാനില്ലെന്നാണ് കടക്കാർ പറയുന്നത്. അതുണ്ട് ഒരു സെക്കൻഡ് ഹാൻഡ് ഫോൺ 5500 രൂപയ്ക്കു വാങ്ങി

(രാജശേഖരൻ, രക്ഷിതാവ് ‌)