ആലപ്പുഴ: കാലവർഷമെത്തി​യതോടെ പ്രതി​രോധ സംവി​ധാനങ്ങളുമായി​ പൂർണ സജ്ജരായി​രി​ക്കുകയാണ് ജി​ല്ലാ ഭരണകൂടം. വി​വി​ധ വി​ഭാഗങ്ങൾ യുദ്ധകാലാടി​സ്ഥാനത്തി​ൽ അടി​യന്തര സാഹചര്യങ്ങളെ നേരി​ടാൻ ഒരുങ്ങി​യി​രി​ക്കുകയാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പഴുതടച്ചവിധത്തിൽ കാര്യക്ഷമമായി നേരിടുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉടൻ മോക്ക് ഡ്രില്ലും സംഘടിപ്പിക്കും.

കെ. എസ്. ഇ. ബി​

ഒരുക്കങ്ങൾ തകൃതി​

പ്രകൃതിക്ഷോഭമുണ്ടാകുന്ന സാഹചര്യത്തിൽ അപകടവും അപായവും ഒഴിവാക്കുന്നതിന് സമയബന്ധിതവും സംയോജിതവുമായ മുൻകരുതൽ നടപടികളാണ് രൂപീകരിക്കുന്നത്. വൈദ്യുതി തടസവും അപകടങ്ങളും ഒഴിവാക്കാൻ എമർജൻസി റെസ്റ്റൊറേഷൻ ടീം (ഇ ആർ ടി) എന്നപേരിൽ അടിയന്തര സംഘത്തിന് രൂപം നൽകിയതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

ദ്രവിച്ച ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലുകൾ വെട്ടിമാറ്റുന്നതും താഴ്ന്നുകിടക്കുന്ന വൈദ്യുത കമ്പികൾ ഉയർത്തുന്നതും തകരാറിലായ ട്രാൻസ് ഫോമറുകൾ, വൈദ്യുത ലൈനുകൾ തുടങ്ങിയവ പൂർവസ്ഥിതിയിലാക്കുന്നതുമുൾപ്പെടെ ജോലികൾ അടിയന്തിരമായി പുരോഗമിക്കുകയാണ്.

.............................

ജില്ലയിലെ മുഴുവൻ തോടുകളിലെയും ആറുകളിലെയും തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടികളെടുത്തു വരികയാണെന്ന് മേജർ ഇറിഗേഷൻ,മൈനർ ഇറിഗേഷൻ അധികൃതർ അറിയിച്ചു. എമർജൻസി സെൽ തന്നെ വകുപ്പ് ആരംഭിച്ചു. 81 തോടുകൾ ഇതിനകം ഇറിഗേഷൻ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ശുചീകരിച്ചിട്ടുണ്ട്. ബോട്ട് ഗതാഗതമുള്ള ചാലുകളുടെ ആഴം കൂട്ടുന്നതിനും നടപടികൾ സ്വീകരിച്ചു. തോട്ടപ്പള്ളി, തണ്ണീർമുക്കം,അന്ധകാരനഴി എന്നിവിടങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ ഒഴിവാക്കുന്നതിന് വേഗത്തിൽ നടപടികൾ കൈക്കൊള്ളും.

.................................

തോട്ടപ്പള്ളി​യി​ലെ മണൽ നീക്കം: കൂടുതൽ ഡ്രഡ്ജറുകൾ

വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്റർ വരെ ലീഡിങ് ചാനലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തിയും എക്കലും മണലും നീക്കം ചെയ്യുന്ന പ്രവൃത്തിയും വേഗത്തിലാക്കാൻ നിർദേശം നല്കി. തോട്ടപ്പള്ളിയിൽ മണൽ നീക്കുന്നതിന് കൂടുതൽ ഡ്രെഡ്ജറുകൾ ഉപയോഗിക്കും. അപായകരമായ വിധത്തിലുള്ള മരങ്ങൾ മുറിച്ചു മാറ്റിയതായി ഫയർ ആൻഡ് റെസ്‌ക്യൂ അധികൃതർ അറിയിച്ചു. വെള്ളക്കെട്ടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്തു മാറ്റാനുള്ള ഡീ വാട്ടറിംഗ് പമ്പുകൾ രണ്ടെണ്ണം സുസജ്ജമായുണ്ട്.

*വൈദ്യുതി തടസവും അപകടങ്ങളും ഒഴിവാക്കാൻ എമർജൻസി റെസ്റ്റൊറേഷൻ ടീം

*നീരൊഴുക്ക് സുഗമമാക്കാൻ നടപടികൾ


ദുരിതാശ്വാസക്യാമ്പുകൾ

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രായമായവർക്കും രോഗം എളുപ്പത്തിൽ ബാധിക്കാനിടയുള്ളവർക്കും പ്രത്യേക കെട്ടിടങ്ങളൊരുക്കും.