പൂച്ചാക്കൽ: ഓൺലൈൻ പഠന പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ശാഖകൾ സ്മാർട്ട് ക്ലാസുകളൊരുക്കി മാതൃകയാകുന്നു.
സാദ്ധ്യമായ എല്ലാ ശാഖകളിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള ഭൗതിക സാഹചര്യം ഒരുക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമാണ് പ്രവർത്തനങ്ങളെന്ന് സെക്രട്ടറി വി.എൻ.ബാബു പറഞ്ഞു. മാക്കേക്കടവ്, കടമ്പനാകുളങ്ങര, തേവർവട്ടം ശാഖകളിൽ ക്ലാസുകൾ തുടങ്ങി.കുട്ടികളുടെ പഠന നിലവാരം ഉറപ്പുവരുത്താനും സംശയ നിവാരണത്തിനുമായി അദ്ധ്യാപകരുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കോ ഓർഡിനേറ്റർ ആർ.ശ്യാംകുമാർ പറഞ്ഞു. മണപ്പുറം ഗവ. ഫിഷറീസ് സ്കൂളിന്റെയും തൈക്കാട്ടുശേരി എം.ഡി.യു.പി സ്കൂളിന്റേയും സാങ്കേതിക സഹായത്തിലാണ് ക്ലാസുകൾ നടത്തുന്നത്.
എസ്.എൻ.ഡി.പി.യോഗം 3327-ാം നമ്പർ തേവർവട്ടം കുമാരനാശാൻ മെമ്മോറിയൽ ശാഖയിലെ ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എം.സരസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ബാബു മരോട്ടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. എം.ഡി.യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക പി.കെ.പ്രഭ, അദ്ധ്യാപിക പ്രിയദിലീപ്, വനിത സംഘം പ്രസിഡന്റ് ബേബി ബാബു, വി.എൻ തങ്കപ്പൻ, രാജേഷ്, രാജീവ്, ശെൽവൻ എന്നിവർ പങ്കെടുത്തു.