ചാരുംമൂട് : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി താമരക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് മാർക്കറ്റിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ നട്ടു. പ്രസിസന്റ് വി.ഗീത, വൈസ് പ്രസിഡന്റ് എ.എ. സലിം, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ. വിമലൻ, ആർ.ലീന എന്നിവരാണ് ഓർമ്മ മരങ്ങൾ നട്ടത്. പഞ്ചായത്തംഗം വി. രാജു, കൃഷി ഓഫീസർ എസ്. അഞ്ജന,ഡി. ശിവശങ്കരപ്പിള്ള തുടങ്ങിയവർ പങ്കെടുത്തു. കുലാചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 140000 വൃക്ഷത്തൈകളാണ് നട്ടുപിടിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ചാരുംമൂട് പറയംകുളം ശ്രീ മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീ ക്ഷേത്ര കവാടത്തിൽ മരം നട്ട് സംസ്ഥാന കമ്മിറ്റിയംഗം എസ്.പ്രകാശ് നിർവ്വഹിച്ചു.ക്ഷേത്ര കാര്യദർശി എ.രവീന്ദ്രൻ നായർ , മേൽശാന്തി പ്രണവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സേവാഭാരതി ആവിഷ്കരിച്ച ഗ്രാമവൈഭവം പദ്ധതിയിൽ ഒരുകോടി വൃക്ഷത്തൈ നടുന്നതിന്റെ ഭാഗമായി സേവാഭാരതി കണ്ഠകാളനട ശാഖയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. പിറവേലിൽ കണ്ഠകാളനട ക്ഷേത്ര മേൽശാന്തി ദീപു കെ.വർമ്മ ക്ഷേത്ര മൈതാനത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ലാ കാര്യവാഹക് എസ്.മോഹൻ കുമാർ, വാർഡ് മെമ്പർ ലൈല, എസ്. തുളസീധരൻ, അതുൽ, വിനോദ്‌കുമാർ, സന്ദീപ്,അഭിലാഷ്,പ്രസാദ് എന്നിവർ പങ്കെടുത്തു. എസ്.എസ്.എഫ് ചാരുംമൂട് സെക്ടറിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ഒരു മരം പദ്ധതി അഷറഫ് സഖാഫി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് ലപ്രസി സാനിറ്റോറിയത്തിൽ ഫല വൃക്ഷത്തൈകൾ നട്ടു. കെ.കെ. ഷാജു സാനിറ്റോറിയം ആർ.എം.ഒയ്ക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മനുഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സാനിറ്റോറിയതിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി. വേണു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത് സി രാജു,ഭരത് വേണുഗോപാൽ, എസ്.ഷംജിത്ത് മരങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.