എടത്വ: ലോക പരിസ്ഥിതി ദിനത്തിൽ ചങ്ങങ്കരി ശ്രീ ധർമശാസ്താ ക്ഷേത്ര പരിസരത്തെ 180 വർഷം പഴക്കമുള്ള മുത്തശ്ശി മാവിനെ നെറ്റിപ്പട്ടം കെട്ടി ആദരിച്ചു. കുട്ടനാട് റെസ്‌ക്യൂ ടീമിന്റെയും പരിസ്ഥിതി പ്രവർത്തകരുടേയും നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്.
കേരളത്തിൽ തന്നെ ഏറ്റവും പ്രായമുള്ളതായി അനുമാനിക്കുന്ന മുത്തശ്ശിമാവ് രണ്ടുപ്രളയം, വസൂരി, കോളറ, പ്ലേഗ് എന്നിവയ്ക്കെല്ലാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുത്തശ്ശി മാവിനെ നെറ്റിപ്പട്ടം കെട്ടി ആദരിച്ചത് പ്രകൃതിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരവാണെന്നും ഇത് നാടിന് മാതൃകയാണെന്നും ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് എടത്വ സി.ഐ എസ്. ദ്വിജേഷ് പറഞ്ഞു.
കുട്ടനാട് റെസ്‌ക്യു ടീം പ്രസിഡന്റ് അനൂപ് എടത്വ അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ മുഖ്യ പ്രഭാഷണം നടത്തി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത്, റെസ്‌ക്യു ടീം രക്ഷാധികാരി സണ്ണി അനുപമ എന്നിവർ സംസാരിച്ചു. കുട്ടനാട് റെസ്‌ക്യു ടീം പ്രവർത്തകർ ശ്യാം സുന്ദർ, ജിജോ സേവ്യർ, നിഷാദ്, ടിബിൻ, ജിജോ ജോർജ് എന്നിവർ സംസാരിച്ചു.