t

 ആലപ്പുഴ കടൽപ്പാലത്തിന്റെ പുനർനിർമ്മാണം രണ്ടു മാസത്തിനകം

ആലപ്പുഴ: ജീർണിച്ച കുറച്ച് ഇരുമ്പു തൂണുകളിൽ കടലിലേക്ക് നീണ്ടുകിടക്കുന്ന, ജില്ലയുടെ പഴയകാല പ്രൗഢിക്ക് തെളിവായി അവശേഷിക്കുന്ന ആലപ്പുഴ കടൽപ്പാലത്തിന്റെ പുനർനിർമ്മാണം രണ്ടു മാസത്തിനകം ആരംഭിക്കും. 19.92 കോടി ചെലവ് പ്രതീക്ഷിക്കന്ന പദ്ധതിയുടെ അന്തിമ പ്രോജക്ട് കിഫ്ബിയുടെ അനുമതിക്കായി സമർപ്പിച്ചു. അനുമതി ലഭിച്ചാൽ ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനം ഉടൻ തുടങ്ങും.

കടൽപ്പാലത്തോടൊപ്പം ആലപ്പുഴ തുറമുഖത്തിന്റെ ചരിത്ര പശ്ചാത്തലവും ഉൾപ്പെടുത്തിയുള്ള മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ് തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്. തുറമുഖ ചരിത്രത്തോടൊപ്പം സംസ്ഥാനത്തെ 41 തുറമുഖങ്ങളുടെ വിവരങ്ങളും പഴയകാല കപ്പലുകളുടെ മാതൃകകളും ഉൾപ്പെടുത്തിയാണ് പോർട്ട് മ്യൂസിയം നിർമ്മിക്കുന്നത്. ടൂറിസം, തുറമുഖം, കിഫ്ബി വകുപ്പുകളാണ് മ്യൂസിയത്തിന് ആവശ്യമായ തുക ചെലവഴിക്കുന്നത്.

# പാലം വരുന്ന വഴി

 മണ്ണ് പരിശോധന പൂർത്തിയായി

 ഹൈഡ്രോഗ്രാഫിക് സർവേ തുടങ്ങി

 മേൽനോട്ടം മുസിരിയസ് പൈതൃക പോജക്ട് കമ്പനിക്ക്

 ഡിസൈൻ മുംബയ് ഐ.ഐ.ടി

 400 മീറ്റർ നീളം, അഞ്ച് മീറ്റർ വീതി

 200 പേർക്ക് കയറാവുന്ന കപ്പൽ അടുപ്പിക്കാനാവും

 നിലവിലെ കടൽപ്പാലത്തിന്റെ തൂണുകൾ നിലനിറുത്തും

 ഒപ്പം പുതിയ തൂണുകളും സ്ഥാപിക്കും

........................................

 19.92 കോടി: പുനർനിർമ്മാണ ചെലവ്

 5 കോടി: പോർട്ട് മ്യൂസിയം നിർമ്മാണം

..........................................


# തുറമുഖ ചരിത്രം

18-ാം നൂറ്റാണ്ടിന്റെ അവസാനമാണ് ആലപ്പുഴ തുറമുഖത്തിന്റെ ഉദയം. പോർച്ചുഗീസ്, ഡച്ച് ആധിപത്യത്തിൽ നിന്നു സ്വതന്ത്രമായി ഒരു തുറമുഖം തിരുവിതാംകൂറിൽ ആവശ്യമായിരുന്നു. നിർണായക പങ്ക് വഹിച്ചത് രാജാകേശവദാസാണ്. കയർ വ്യവസായത്തിന്റെയും കന്നിട്ട വ്യവസായത്തിന്റെയും വളർച്ച തുറമുഖത്തിന് കരുത്തു പകർന്നു. തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് വിദേശ വ്യാപാരം കൊച്ചിയിലേക്ക് കേന്ദ്രീകരിച്ചു. ആലപ്പുഴ വഴി ട്രെയിൻ ഇല്ലാതിരുന്നത് പ്രധാന കാരണമായിരുന്നു. കയർ വ്യവസായത്തിന്റെ വികേന്ദ്രീകരണവും ആലപ്പുഴയ്ക്ക് തിരിച്ചടിയായി. 1989 ലാണ് അവസാനമായി ഒരു കപ്പൽ ആലപ്പുഴ തുറമുഖത്തെത്തിയത്. ക്രമേണ കടൽപാലം ക്ഷയിച്ചു.

..............................................

കിഫ്ബി അനുമതി ലഭിച്ചാൽ ടെൻഡർ നടപടി പൂർത്തീകരിച്ച് രണ്ടു മാസത്തിനുള്ളിൽ പുനർനിർമ്മാണ പ്രവർത്തനം ആരംഭിക്കും

(എം.ഡി, മുസിരിസ് പൈതൃക പദ്ധതി)