കൊവിഡ് പ്രതിരോധമൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ
ആലപ്പുഴ: കൊവിഡ് വ്യാപനനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റുകൾ സജ്ജമാകുന്നു. മുന്നറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനകം പ്രവർത്തനമാരംഭിക്കാവുന്ന വിധത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് സെന്ററുകൾക്കുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടത്.
ഓരോ പ്രദേശത്തെയും ആരോഗ്യ കേന്ദ്രങ്ങളുടെ ഏറ്റവും സമീപത്തായി സി.എഫ്.ടി.സി ആരംഭിക്കണം. ചികിത്സയുമായി ബന്ധപ്പെട്ട ഉപാധികൾ, ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയൊഴികെയുള്ളവ ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും, ഭക്ഷണം, ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. കെട്ടിടത്തിലെ ഭൗതിക സൗകര്യം ഒരുക്കാൻ സംഭാവന സ്വീകരിക്കാം. കാര്യങ്ങൾ സന്നദ്ധ മനോഭാവത്തോടെ ഏകോപിപ്പിക്കാൻ കഴിയുന്ന ജീവനക്കാരനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്താം. സി.എഫ്.ടി.സിക്കുള്ള (കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ) കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി കളക്ടറുമായി ചർച്ച ചെയ്ത് അന്തിമമാക്കണം. പ്രവർത്തനം ഏതു കേന്ദ്രത്തിലാണ് ആദ്യം തുടങ്ങേണ്ടതെന്ന് ആരോഗ്യവകുപ്പും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും വിദഗ്ദ്ധ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.
തദ്ദേശ 'ദാരിദ്ര്യം'
എന്നാൽ സാമ്പത്തികമായി സ്വയം പര്യാപ്തമല്ലാത്ത തദ്ദേശസ്ഥാപനങ്ങൾ പലതും സെന്ററുകളിൽ സൗകര്യങ്ങൾ സജ്ജമാക്കാൻ ബുദ്ധിമുട്ടുകയാണ്. സർക്കാരിന്റെ തനത് ഫണ്ടിൽ നിന്നാണ് ഇത്തരം സ്ഥാപനങ്ങൾ ശമ്പളം പോലും വിതരണം ചെയ്യുന്നത്. സ്പോൺസർമാരെ കണ്ടെത്താമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും ഇതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ചില തദ്ദേശ സ്ഥാപന അധികൃതർ പറയുന്നു.
......................................
# സി.എഫ്.ടി.സി
കൊവിഡ് വ്യാപനത്തെ നേരിടാൻ സജ്ജമാക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ. സമൂഹ വ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ അവശ്യസൗകര്യമുള്ള പ്രാദേശിക കേന്ദ്രങ്ങളെയാണ് സി.എഫ്.ടി.സികളായി വിഭാവനം ചെയ്തിട്ടുള്ളത്.
...................................
# രണ്ട് വിഭാഗം
രോഗബാധിതർക്കുള്ള വാർഡ്
ഐസൊലേഷൻ മുറി
ഒരാൾക്ക് ഒരു മുറി വീതം
# ഏറ്റെടുക്കാവുന്ന കെട്ടിടങ്ങൾ
ഹോസ്റ്റലുകൾ, ഹോട്ടലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദ കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, മത- സമുദായ സംഘടനകളുടെ കെട്ടിടങ്ങൾ
........................................