ആലപ്പുഴ: ചകിരി സംഭരണത്തിനായുള്ള കയർഫെഡിന്റെ ഇ-ടെൻഡർ സംബന്ധിച്ച ചില പ്രചാരണങ്ങൾ തെറ്റിദ്ധാരണാ ജനകമാണെന്ന് പ്രസിഡന്റ് അഡ്വ. എൻ. സായികുമാർ പ്രസ്താവനയിൽ പറഞ്ഞു.

കാലാകാലങ്ങളായി തമിഴ്‌നാട്ടിൽ നിന്നു ചകിരി സംഭരിച്ചിരുന്ന പ്രവർത്തനത്തിന് സുതാര്യത പരമാവധി വർദ്ധിപ്പിക്കാനായി കയർ വകുപ്പ് മുൻപോട്ട് വച്ച ഏറ്റവും പുരോഗമനപരമായ ഇടപെടലായിരുന്നു ചകിരിസംഭരണത്തിൽ ഏർപ്പെടുത്തിയ ഇ-ടെൻഡർ നടപടികൾ. സാധാരണഗതിയിൽ തമിഴ്‌നാട്ടിൽ നിന്നു ഗുണമേൻമയുള്ള ചകിരി സംഭരിച്ച് കേരളത്തിലെ കയർ പിരി മേഖലയ്ക്ക് ലഭ്യമാക്കിക്കൊണ്ടിരുന്നത് കയർഫെഡാണ്. ചകിരി വാങ്ങുന്നത് മുതൽ ഗുണമേൻമ ഉറപ്പ് വരുത്തിക്കൊണ്ട് വിതരണം ചെയ്യുന്നതും പണമിടപാടുകൾ അടക്കമുള്ള സങ്കേതികത്വങ്ങൾ നിർവ്വഹിക്കുന്നതും കയർഫെഡിന്റെ നേതൃത്വത്തിലാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചകിരി വാങ്ങുന്ന പ്രവർത്തനം ഇതുവരെയും ഇ-ടെൻഡർ മുഖാന്തരമല്ല നടത്തിയിരുന്നത്. ഈ കുറവ് പരിഹരിക്കാനും കൂടുതൽ സുതാര്യതയോടെ ചകിരി സംഭരിക്കാനും ലക്ഷ്യമിട്ടാണ് 2020-21 സാമ്പത്തിക വർഷം മുതൽ ചകിരി ഇ-ടെൻഡർ വഴി വാങ്ങാൻ തീരുമാനിച്ചത്. കയറിന്റെ സംഭരണവും വിതരണവും സി.എം.ഡിയെ ഏൽപിക്കുമെന്നതും ശരിയല്ല. കൊവിഡ് പശ്ചാത്തലത്തിൽ പോലും മുൻവർഷങ്ങളിൽ 10,000 ക്വിന്റൽ സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 20,000ൽ അധികം ക്വിന്റൽ സംഭരിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് കയർഫെഡിന്റെ നേട്ടമാണെന്നും അഡ്വ.എൻ.സായികുമാർ പ്രസ്താവനയിൽ അറിയിച്ചു.