ആലപ്പുഴ: എസ്.ഡി കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ ജനോപകാരപ്രദമായ ഗവേഷണ ഫലങ്ങൾ വിപണിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐക്കോടെക് എന്ന പേരിൽ സ്റ്റാർട്ടപ്പ് ആരംഭിച്ചു. ഗവേഷകനായ വി. അനൂപ് കുമാർ, സുവോളജി പൂർവ്വ വിദ്യാർത്ഥികളായ ഹരികൃഷ്ണ, ഐസക് ജോർജ്, എസ്. ആര്യ എന്നിവരാണ് സ്ഥാപകർ. ഡോ.ജി. നാഗേന്ദ്ര പ്രഭു മെന്ററായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിലൂടെ കുളവാഴയിൽ നിന്നു തിരഞ്ഞെടുത്ത മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുവാൻ ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ യുവ ഗവേഷകർക്കുള്ള മത്സരത്തിൽ വിജയിച്ച ഇവർക്ക് വരുന്ന 3 വർഷത്തേക്ക് സാമ്പത്തിക സഹായവും സാങ്കേതിക വിദദ്ധരുടെ ഉപദേശങ്ങളും ലഭിക്കും.

സ്റ്റാർട്ടപ്പിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി ലോക പരിസ്ഥിതി ദിനത്തിൽ കടപ്പുറം ഇ.എസ്.ഐ ആശുപത്രി അങ്കണത്തിൽ ലോഗോ പ്രകാശനം ചെയ്ത് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണിക്കൃഷ്ണ പിള്ള, വൈസ് പ്രിൻസിപ്പൽ ഡോ. ടി.ആർ. അനിൽകുമാർ, കേരള സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ അംഗം പ്രൊഫ. ആർ. ഇന്ദു ലാൽ, ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.മീന ജനാർദ്ദനൻ, ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ. സിനി പ്രിദർശിനി, സാമൂഹ്യ വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ഫെൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.