ആലപ്പുഴ:കിറ്റ്സ് മാനേജ്‌മെന്റ് കോഴ്‌സുകളിലെ പിന്നാക്കസമുദായ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ സമഭാവന സംസ്‌കാരിക കേന്ദ്രം ആവശ്യപ്പെട്ടു.
2018-19 വർഷം കിറ്റ്സിൽ (കേരള ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്) എം.ബി.എ,ബി.ബി.എ കോഴ്‌സുകളിൽ ചേർന്ന ഒ.ബി.സി വിദ്യാർത്ഥികൾക്കാണ് 2019-20, 2020-21 വിദ്യാഭ്യാസ വർഷങ്ങളിൽ ആനുകൂല്യം നിഷേധിക്കപ്പെട്ടത്. സംസ്ഥാന വിനോദ സഞ്ചാരവികസന വകുപ്പിന് കീഴിലാണ് കേരള ട്രാവൽ ആൻഡ് ടൂറിസം പ്രവർത്തിക്കുന്നത്. 2018-19 വർഷം ഗ്രാന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് തുടർന്നുള്ള വർഷങ്ങളിൽ ലഭിച്ചില്ല.ഇത് സംബന്ധിച്ച് കിറ്റ്സ് വകുപ്പ് മേധാവി നിരന്തരം കത്തെഴുതിയതിനെത്തുടർന്ന്, ഗ്രാന്റ് നിറുത്തലാക്കിയതായി ചീഫ് സെക്രട്ടറി ബിശ്വനാഥ്‌സിൻഹ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കടുത്ത അനീതിയാണ്.
സ്വന്തമായി ഫീസ് അടയ്ക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ് ഗ്രാന്റ് പ്രതീക്ഷിച്ച് കോഴ്‌സിൽ ചേർന്നത്. ആദ്യത്തെ രണ്ട് സെമസ്റ്ററുകളിലും ഗ്രാന്റ് ലഭിക്കുകയും ചെയ്തു.എന്നാൽ കോഴ്‌സ് പൂർത്തിയാക്കാനാവാത്ത വിധം അപ്രതീക്ഷിതമായി ധനസഹായം നിറുത്തലാക്കിയതോടെ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.മുഖ്യമന്ത്റിയും ബന്ധപ്പെട്ട വകുപ്പ് മന്ത്റിമാരും അടിയന്തിരമായി ഇടപെട്ട് ഈ ഗ്രാന്റ് അനുവദിച്ച് വിദ്യാർത്ഥികളുടെ പഠനം തുടരാൻ അവസരം ഒരുക്കണമെന്നും പിന്നാക്ക ക്ഷേമ വകുപ്പിന്റെ ദൈനംദിന പ്രവർത്തനത്തിന് ജനസംഖ്യാനുപാതികമായ തുക ബഡ്ജറ്റിൽവക കൊള്ളിക്കണമെന്നും എസ്.എൻ സമഭാവന സംസാരിക കേന്ദ്രം കോ-ഓർഡിനേറ്റർമാരായ പി.വി.രജിമോൻ, എസ്.അജുലാൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.