ആലപ്പുഴ: ജില്ലയിൽ ഇന്നലെ നാലുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 70 ആയി. മൂന്നുപേർ വിദേശത്തുനിന്നും ഒരാൾ മുംബൈയിൽ നിന്നുമാണ് എത്തിയത്.
28ന് താജിക്കിസ്ഥാനിൽ നിന്നു കണ്ണൂരിലെത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന വയലാർ സ്വദേശി, പുലിയൂർ സ്വദേശിനിയായ യുവതി, മുംബയിൽ നിന്നു 26 ന് കൊച്ചിയിൽ എത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിനി,
മസ്‌കറ്റിൽ നിന്നു ജൂൺ ഒന്നിന് കോഴിക്കോടെത്തി മഞ്ചേരി മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബുധനൂർ സ്വദേശിയായ യുവാവ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
നിരീക്ഷണത്തിൽ 4941 പേർ
ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 4941 പേരാണ്. 84 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ആലപ്പുഴ മെഡി. ആശുപത്രിയിൽ 57ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 20ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ നാലും കായംകുളം ഗവ. ആശുപത്രിയിൽ മൂന്നു പേരുണ്ട്. ഹോം ക്വാറന്റൈനിൽ നിന്ന് 466 പേരെ ഒഴിവാക്കിയപ്പോൾ 427 പേർ ഇന്നലെ പുതുതായി എത്തി. ഫലമറിഞ്ഞ 3630 സാമ്പിളുകളിൽ 70 എണ്ണം ഒഴികെ എല്ലാം നെഗറ്റീവാണ്.