തുറവൂർ: ഓൺലൈൻ പഠനത്തിന് ടി.വിയില്ലാത്ത 15 കുട്ടികൾക്ക് ടി.വി നൽകി പട്ടണക്കാട് എസ്.സി.യു ജി.വി.എച്ച്.എസ്.എസ് വേറിട്ട മാതൃകയായി. എല്ലാവർക്കും ഓൺലൈൻ പഠനം ലഭ്യമാക്കാൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ സ്റ്റാഫ് സെക്രട്ടറിയുമായ എൻ.ജി.ദിനേഷ് കുമാർ, ടി.വി.ചലഞ്ച് എന്ന പേരിൽ ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ മണിക്കൂറുകൾ കൊണ്ട് ലഭിച്ചത് 32 ഇഞ്ചിന്റെ 15 എൽ. ഇ.ഡി ടി.വി ഓഫറുകളാണ്.
ആദ്യഘട്ടത്തിൽ, ഉയർന്ന ക്ലാസുകളിലെ 10 പേർക്ക് ടി.വി വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ 5 പേർക്ക് കൂടി നൽകും. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സ്ഥിതി മനസിലാക്കിയാണ് അർഹതയുളളവരെ തിരഞ്ഞെടുത്തത്. എ.എം. ആരിഫ് എം.പി പത്താം ക്ലാസിലെ സിജോ സാബുവിന് വീട്ടിലെത്തി ടി.വി നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ അധികൃതരും ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളം ചേർന്ന് മറ്റ് കുട്ടികൾക്ക് വീടുകളിലെത്തിച്ചു നൽകി. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രമോദ്, പി.ടി.എ.പ്രസിഡന്റ് എ.എസ്.രാജേഷ്, എസ്.എം.സി.ചെയർമാൻ പി.പി.പ്രസാദ്, മാരിടൈം ബോർഡ് അംഗം എൻ.പി. ഷിബു, വാർഡ് അംഗങ്ങളായ ടി.എം. ഷെറീഫ് ,ആർ.ഡി. രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് എൻ.കെ. ഭാർഗ്ഗവി എന്നിവർ നേതൃത്വം നൽകി.