പൂച്ചാക്കൽ: ജങ്കാർ സർവ്വീസിൽ യാത്രക്കാരിൽ നിന്നു അന്യായമായി ചാർജ്ജ് ഈടാക്കുന്നുവെന്നാരോപിച്ച് അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സർവീസ് നിറുത്തിവയ്പ്പിച്ചു. വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കാൻ കരാറുകാരൻ തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചത്.
തൈക്കാട്ടുശേരി പഞ്ചായത്തിന്റെ കീഴിലുള്ള മണപ്പുറം - ചെമ്മനാകരി ഫെറിയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ അമിത ചാർജ്ജ് ഈടാക്കുന്നു എന്നാണ് പരാതി. പഞ്ചായത്തിന്റയും സർക്കാരിന്റെയും യാതൊരു അനുമതിയും ഇല്ലാതെ ബൈക്ക് യാത്രക്കാരിൽ നിന്നു 25 രൂപയാണ് ഈടാക്കിയിരുന്നത്. 15 രൂപയാണ് ബൈക്കിനുള്ള പഞ്ചായത്തിന്റെ അംഗീകൃത നിരക്ക്. സമരത്തെ തുടർന്ന് കരാറുകാരൻ 15 രൂപയിലേക്ക് താഴ്ന്നു. അസംഘടിത തൊഴിലാളി കോൺഗ്രസ് അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.എസ്. രാജേഷ് സമരം ഉദ്ഘാടനം ചെയ്തു. വി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ.പി പ്രദീപ്, ഗംഗാ ശങ്കർപ്രകാശ്,ബാബു തൈക്കാട്ടുശേരി, കെ.പി.അരുൺകുമാർ, കൈലാസൻ, എൻ.ആർ ഷിബു, പി.എസ്.അരവിന്ദൻ, അരുൺ മാധവപ്പള്ളി, കിരൺ എന്നിവർ നേതൃത്വം നൽകി.